Saturday, June 20, 2009

എത്രയരൂപമായ്‌:ദേശമംഗലം രാമകൃഷ്ണന്‍




എത്ര അരൂപ,മെന്നിട്ടും കാണുന്നുണ്ട്‌
കരയില്‍ നിന്നുമെന്‍റെ കാല്‍കളെ പിടിച്ചുവലിച്ച്‌
താഴേയ്ക്കു താഴേയ്ക്കു കൊണ്ടുപോകും
നിന്നൊച്ചയെ
എത്ര അനാദ മെന്നിട്ടും കേള്‍ക്കുന്നുണ്ട്‌
ഘോരവനത്തിലൊരു പടര്‍പ്പിനുള്ളില്‍
അടരിനുമടരിനുമടിയിലായ്‌
ഒരു പച്ചപ്പയ്യു വന്നിരുന്ന്‌
ആദ്യമൊട്ടുകളിക്കിളിപ്പെട്ടുടഞ്
ഞുതിര്‍ക്കും
നനുനനുവാക്കുകള്‍


കണ്ണടഞ്ഞ ഗുഹകളില്‍ നിന്ന്‌
കണ്ണടയ്ക്കുന്ന പാതകളില്‍ നിന്ന്‌
ചെമ്പട്ടു മൂടിയ കലശങ്ങളില്‍ നിന്ന്‌
ഒടുവില്‍ ചുഴികുത്തില്‍ മുക്കിത്താഴ്ത്തും
തരംഗവേഗങ്ങളില്‍ നിന്ന്‌
പെന്‍ ഗ്വിന്നും പെലിക്കന്നും
ഒരിറ്റു കനല്‍ നല്‍കാന്‍ വല്ലപ്പോഴും
എത്തിനോക്കും സൂര്യനില്‍ നിന്ന്‌
മഞ്ഞനദിക്കരെ
വീണുപോയൊരു നക്ഷത്രത്തില്‍
നുരയും വിയോഗസ്മരണകളില്‍ നിന്ന്‌
എന്നിലേക്കുയര്‍ന്നു വരുന്നൂ നീ
എത്രയരൂപമായ്‌ എത്രയനാദമായ്‌


പിന്‍ വാങ്ങും വെളിച്ചത്തില്‍
ആനി വാള്‍ഡ്‌മന്‍ പിന്‍
വിവ: ദേശമംഗലം രാമകൃഷ്ണന്‍

വീട്ടിലെ പണികള്‍ തീര്‍ന്നാല്‍
അവള്‍ക്കു രസം ചിത്രത്തുന്നലില്‍;
മന്ദാരങ്ങള്‍ സൂര്യകാന്തികള്‍
നിശാഗന്ധികള്‍ മുക്കുറ്റികള്‍
ജമന്തിയില്‍
അഞ്ചു നക്ഷത്രങ്ങള്‍ ക്രിസ്തുവിന്‍
അഞ്ചു മുറിവുകള്‍
വിചാരങ്ങള്‍ അവള്‍ തുന്നിക്കൊണ്ടിരുന്നു -
എല്ലാം അകലെയകലെനിന്ന്‌
എല്ലാം അകലേയ്ക്കകലേയ്ക്ക്‌
എന്താണവളെ ഓര്‍മ്മിപ്പിക്കുന്നത്‌
എന്തിനെയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌
അയഞ്ഞുതൂങ്ങുമീ ംളാനമായ വെള്ളയില്‍
അകത്തുനിന്നിടക്കിടെ
ഒരു തുടുവെട്ടം തേങ്ങിത്തേങ്ങി....
ഔഷധചെടികളാല്‍
കരിമ്പിന്‍ ചാറിനാല്‍
സുഗന്ധ ദ്രവ്യങ്ങളാല്‍
ദൈവം താലോലിക്കുമാ ഹൃദയത്തില്‍
പിറകിലൂടെ ഒഴിഞ്ഞുപോകുന്നുണ്ട്‌
കുത്തനെയൊരു വേദന
പത്തിരുപതു സൂര്യന്‍മാര്‍
അവള്‍ക്കൂ മുകളില്‍
കണ്‍ചിമ്മിക്കടന്നുപോയ്‌

പൂക്കളെ കണ്ടും താലോലിച്ചും
തീര്‍ന്നുപോയ്‌ അവളുടെ സങ്കടങ്ങള്‍
തുരുമ്പിച്ച്‌ അന്ധമായ
ജനാലയ്ക്കല്‍ വന്നു കളിച്ചു
പിന്‍ വാങ്ങും വെളിച്ചത്തില്‍
അവള്‍ മറഞ്ഞുപോവുന്നു
സൂര്യകാന്തികള്‍ മന്ദാരങ്ങള്‍
ജമന്തി നിശാഗന്ധികള്‍
വിടറ്‍ന്നു കൊഴിഞ്ഞും
വിടറ്‍ന്നു കൊഴിഞ്ഞും

BACK