ഗുളികയുമായി റാഹേല്‍ വരുമ്പോള്‍ അയാള്‍ അവസാനത്തെ
ചിത്രത്തിന്‍റെ പണിപ്പുരയിലായിരുന്നു. വിശാലമായ ക്യാന്‍ വാസിലേക്ക്
വെളിച്ചം വീഴ്ത്തിക്കൊണ്ട് അയാള്‍ക്കു മുകളിലായി ഒരു വിളക്ക്
കത്തുന്നുണ്ടായിരുന്നു. പ്രകാശത്തിന്‍റെ ദീര്‍ഘചതുരത്തില്‍ തെളിഞ്ഞു
നില്‍ക്കുന്ന ചിത്രത്തിന്‍റെ ഓരോ ഭാഗവും സസൂക്ഷ്മം പരിശോധിക്കുമ്പോള്‍
തന്‍റെ മനസ്സിന്‍റെ പൂര്‍ണ്ണഭാവങ്ങള്‍ അതില്‍
പ്രതിഫലിക്കുന്നുണ്ടെന്ന ബോധം അയാളെ ആഹ്ളാദിപ്പിച്ചു. കാലദേശങ്ങളിലൂടെ
ഇരുളിന്‍റെ മഹാതുരത്തിലേക്ക് പലായനം ചെയ്യുന്ന പീഡിതനായ ഒരു മനുഷ്യന്‍റെ
ചിത്രമായിരുന്നു അത്. ഇരുളിന്‍റെ വന്യഭാഗങ്ങളില്‍ ശാന്തിയുടെ വെളുത്ത
പക്ഷിത്തൂവലുകള്‍ അയാള്‍ വരച്ചു ചേര്‍ത്തിരുന്നു. ഇനി, അവസാനത്തെ മിനുക്കു
പണികള്‍ മാത്രം.അതോര്‍ക്കവേ ,ഒരു ജന്‍മത്തിന്‍റെ സ്വാസ്ഥ്യം താന്‍
കണ്ടറിയുകയാണെന്ന് അയാള്‍ കണക്കുകൂട്ടി. ഒഴിഞ്ഞു തീരുകയാണ് മനസ്സിന്‍റെ
ഭാരങ്ങളത്രയും.ഈ പൂര്‍ണത ....ദൈവമേ, ഇതെത്ര കാലത്തെ തപസ്യയാണ്....
അയാള്‍ കിടന്നിരുന്ന കട്ടിലില്‍നിന്ന് അയാളിലേക്ക് മുഖം കുനിച്ച്
ഒരു മന്ത്രം പോലെ റാഹേല്‍ അയാളെ വിളിച്ചു. എന്നാല്‍ അയാളത് കേട്ടില്ല.
അയാളുടെ ശ്രദ്ധയത്രയും കാന്‍വാസിന്‍റെ വലത്തേ
മൂലയിലായിരുന്നു.മഞ്ഞിന്‍റെ സുതാര്യതയിലൂടെയെന്നപോലെ താന്‍ വരച്ചു
ചേര്‍ക്കാത്ത രണ്ടു ചിത്രങ്ങളുടെ രൂപരേഖകള്‍ അയാളപ്പോള്‍
കാണുകയായിരുന്നു. അത് ബ്രിജേറ്റോയുടേയും ആനിയുടേയും മുഖങ്ങളായിരുന്നു.
അയാള്‍ക്കപ്പോള്‍ വല്ലാത്ത ആഹ്ളാദം തോന്നി. ബ്രിജേറ്റോയുടെ വിടര്‍ന്ന
കണ്ണുകളില്‍ പതിയെ ചുണ്ടമര്‍ത്താനും ആനിയെ എടുത്ത് നെഞ്ചോടു ചേറ്‍ത്ത്
ഒരു താരാട്ടു മൂളാനും അയാള്‍ക്കപ്പോള്‍ തോന്നി.
എന്നാല്‍ ഒന്നും ചെയ്യാതെ,കണ്ണിമ പോലും വെട്ടാതെ അയാള്‍ ആമുഖങ്ങളിലേക്കു തന്നെ നോക്കിനിന്നു.
ശബ്ദം കനപ്പിക്കാതെ റാഹേല്‍ അയാളെ പിന്നേയും വിളിച്ചു.
ഉറക്കെ വിളിക്കുന്നത് അയാള്‍ക്ക് ഇഷ്ടമല്ലെന്ന് അവള്‍ക്കറിയാം. സംസാരം
സൌമ്യസംഗീതം പോലെ ഋജുവായിരിക്കണമെന്ന് അയാളെപ്പോഴും അവളെ
ഓര്‍മ്മിപ്പിക്കാറുണ്ട് .ബ്രിജേറ്റോ അങ്ങനെയായിരുന്നു.
ചെവി കൂര്‍പ്പിച്ചാലേ അവളുടെ ചുണ്ടിന്‍റെ ശബ്ദങ്ങളറിയൂ.
ഈ കാലത്തിനിടക്ക് ബ്രിജേറ്റോയെ പോലെ അയാളെ വിളിക്കാന്‍ റാഹേലും
പഠിച്ചുകഴിഞ്ഞിരുന്നു. എന്നാലും അയാള്‍ പരാതി പറയും. നിനക്ക് ഒന്നുകൂടി
ശബ്ദം താഴ്ത്തി വിളിച്ചൂടെ റാഹേല്‍? എത്ര തവണ ഞാനിത് പറഞ്ഞിരിക്കുന്നു.
അങ്ങനെയൊക്കെ അയാള്‍ പറയുമ്പോള്‍ അവളുടെ മനസ്സു വിതുമ്പിപ്പോവും.
എന്നാല്‍ അതൊന്നും പുറത്തു കാണിക്കാതെ ഒരു ചിരി വരുത്തി അവള്‍ പറയും.
ഇനിയും ശബ്ദം താഴ്ത്തിപറഞ്ഞാല്‍ നിനക്കൊന്നും കേള്‍ക്കാന്‍
കഴിയില്ല, ഡാനിയേല്‍ എന്‍റെ ചുണ്ടിന്‍റെ ചലനം മാത്രമേ കാണാനാവു.
മതി...അതു മതി....എടുത്തടിച്ചതു പോലെ അയാള്‍ പറയും. മൌനത്തിനും
ഭാഷയുണ്ട്. സ്നേഹത്തിന്‍റെ ഭാഷ മൌനമാണ്. ബ്രിജേറ്റോ
സംസാരിക്കാതിരിക്കുമ്പോഴും അവളുടെ മനസ്സ് കാണാന്‍ എനിക്ക്
കഴിയാറുണ്ട്. നിനക്കത് അറിയില്ല.
ഒരിയ്ക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും തന്‍റെയും ബ്രിജേറ്റോയുടേയും
ശബ്ദത്തിന് ഒരു വ്യത്യാസവുമില്ലെന്ന് ചുറ്റുവട്ടത്തുള്ളവരൊക്കെ
അതിശയത്തോടെ പറയുന്നത് അവള്‍ പലതവണ കേട്ടതാണ്.അപ്പോഴൊക്കെ അവള്‍
ഓര്‍ക്കാറൂണ്ട്,ഈ ഡാനിയേലെന്താണിങ്ങനെ ഒട്ടും സ്നേഹമില്ലാത്തതുപോലെ
പെരുമാറുന്നതെന്ന്.
അവളുടെ വിതുമ്പലപ്പോള്‍ ഒരു നിലവിളിയായി മാറിയിരിക്കും. മനസ്സില്‍,
മനസ്സില്‍ മാത്രം. അവളില്‍ ശബ്ദങ്ങളൊന്നും എന്നാല്‍ പുറത്തേക്ക് വരില്ല.
മൌനത്തിന്‍റെ ഭാഷ പോലും മനസ്സിലാവുന്ന ഡാനിയേലിന് തന്നെ
തിരിച്ചറിയാനാവിന്നില്ലേയെന്ന് അവള്‍ വേദനിക്കും. അപ്പോള്‍ അവളറിയുന്നു
ഡാനിയേലിന് ബ്രിജേറ്റോയോടുണ്ടാായിരുന്ന സ്നേഹം . അതിന്‍റെ സൂക്ഷ്മ
തലങ്ങള്‍ ...ഓ, ബ്രിജേറ്റോ നീയെത്ര ഭാഗ്യവതിയായിരുന്നു-അവള്‍ ഓര്‍ക്കും.
നിറക്കൂട്ടില്‍ നിന്ന് ചായമെടുത്ത് അവസാനത്തെ മിനുക്കുപണികള്‍ക്കു
വേണ്ടി ബ്രഷ് കാന്‍ വാസിനോടടുപ്പിക്കവെ ,തന്‍റെ നെഞ്ചിലൂടെ ആരുടേയോ
കൈവിരലുകള്‍ പതിയെ ഇഴയുന്നത് അയാളറിഞ്ഞു. പിന്നെ,പിന്നെ തന്‍റെ
നെഞ്ചില്‍ ഭാരം കൂടുന്നതുപോലെ അയാള്‍ക്കു തോന്നി. അയാള്‍
ഞെട്ടിത്തിരിഞ്ഞു. അപ്പോള്‍ കാരുണ്യമില്ലാത്ത പക്ഷിയുടെ ചിറകടിയായി കാന്‍
വാസും നിറങ്ങളും അയാളില്‍നിന്നകന്നുപോയി.
അയാള്‍ റാഹേലിന്‍റെ മുഖത്തേക്ക് മിഴി തുറന്നു. മുറിയിലാകെ വെളിച്ചമായിരുന്നു
ഗുളിക.....അവള്‍ പതിയെ മന്ത്രിച്ചു. അകന്നുപോയ ചിത്രങ്ങളത്രയും
വിചിത്രമായ തന്‍റെ സ്വപ്നത്തിന്‍റെ ഭാഗമായിരുന്നുവെന്ന ബോധം അയാളെ
വേദനിപ്പിച്ചു.
ഗുളിക...റാഹേല്‍ പിന്നെയും പറഞ്ഞു.
റാഹേലിന്‍റെ ഉള്ളംകൈയ്യില്‍ അയാള്‍ ഗുളികകള്‍ കണ്ടു. മഞ്ഞുപോലെ തീരെ
ചെറിയ മൂന്നു ഗുളികകള്‍. ആമാശയത്തില്‍ പെരുകുന്ന അണുക്കളേയും വേദനകളേയും
ഇല്ലാതാക്കാനുള്ള ഗണിതസൂത്രം കുറിച്ചുനില്‍ക്കുകയാണ് അവയെന്ന്
അയാള്‍ക്ക് തോന്നി. ഗുളികകളുടെ വശങ്ങളിലൂടെ രേഖകള്‍ വരക്കുമ്പോള്‍
ത്രികോണം കിട്ടുന്നു. രോഗാവസ്ഥയുടെ ആദ്യഘട്ടങ്ങളില്‍ പൂറ്‍ണ്ണചിഹ്നം പോലെ
ഒരു ഗുളിക മാത്രമേ റാഹേലിന്‍റെ കൈയ്യില്‍ കണ്ടിരുന്നുള്ളു. പിന്നെയത്
രണ്ടായി. ഇപ്പോഴിതാ...ഇനിയത് നാലാവും...അപ്പോള്‍ സമചതുരങ്ങളും
ദീര്‍ഘചതുരങ്ങളും ഉണ്ടാക്കാം വര്‍ദ്ധിച്ചുവരുന്ന അണുക്കളുടെ ആക്രമണത്തെ
ചെറുക്കാന്‍ ഗുളികകളുടെ എണ്ണം കൂട്ടാമെന്നുള്ള ഡോക്ടര്‍
ജോണ്‍സാമുവലിന്‍റേ വ്യാമോഹഗണിതം. സങ്കീര്‍ണമായ ഏത് ഗണിതസമസ്യകളേയും
അനായാസമായി കുരുക്കഴിച്ചിരുന്ന ഗണിതഭാഷാദ്ധ്യാപകനായ തനിക്കു പോലും
തെറ്റിപോയിരിക്കുന്നു. പിന്നെയാണ് ഡോക്ടറുടെ വളരെ ലളിതമായ ഈ കണക്കുകള്‍.
ഓര്‍ക്കുമ്പോള്‍ നേര്‍ത്ത ചിരി വരികയാണ്.
"വേണ്ട റാഹേല്‍ ... "അയാള്‍ പറഞ്ഞു; "എനിക്കിനി ഗുളികകളൊന്നും വേണ്ട"
റാഹേലില്‍ നിന്നു മിഴിയെടുത്ത് ഏതോ ചുമര്‍ചിത്രം തിരയാനുള്ള ആസക്തിയോടെ
മുഖം തിരിക്കുമ്പോള്‍ അവള്‍ പറഞ്ഞു;കഴിക്കൂ ഡാനിയേല്‍
കുട്ടികളെപോലെയിങ്ങനെ വാശിപിടിക്കാതെ
" വാശിയോ ..?നല്ല തമാശ തന്നെ.
തനിക്കാരോടാണ് വാശി സ്നേഹമാണ് തനിക്ക്. ശാന്തിയുടെ മുഖത്തേക്ക്
മിഴിപൂട്ടിയുറങ്ങുവാനുള്ള സ്നേഹം. ആമാശയത്തിലെ അസഹ്യമായ വേദനയും
ശരീരത്തിന്‍റെ ഓരോ അണുവിലും പടരുന്ന അതിന്‍റെ പ്രതിഫലനങ്ങളും സഹിക്കാന്‍
തുടങ്ങിയിട്ട് കാലമെത്രയായി!ഇനി വയ്യ .അതിനും പുറമേയാണ്
ഓര്‍മ്മപ്പെടുത്തല്‍ പോലെ മുന്നില്‍ തെളിയുന്ന ബ്രിജേറ്റോയുടേയും
ആനിയുടേയും മുഖങ്ങള്‍. ഡാനിയേല്‍. നീയെന്താണ് വന്നെത്താത്തതെന്ന് ഒരു
തേങ്ങലോടെ ബ്രിജേറ്റോ ഇടയ്ക്കിടെ ചോദിക്കുന്നു. പപ്പയെന്തിനാണ്
ഞങ്ങളെയിങ്ങനെ കാത്തിരിപ്പിക്കുന്നതെന്ന് ആനിയും സങ്കടപ്പെടുന്നു.
അതൊന്നും പറഞ്ഞാല്‍ റാഹേലിന് മനസ്സിലാവില്ല.ബ്രിജേറ്റോക്കു ശേഷം അവള്‍
വന്നെത്തിയതു തന്നെ നഷ്ടപ്പെട്ടെന്ന് കരുതിയ തന്‍റെ ജീവിതം തരാനാണല്ലൊ.
പഴയതൊന്നും ഓര്‍ക്കരുതെന്നും ഇനി പുതിയ ജീവിതമാകാം എന്നൊക്കെയുള്ള
വിചാരങ്ങള്‍. വസന്തത്തിന്‍റെ മഹാസ്വപ്നങ്ങളാണല്ലൊ എന്നും അവളുടെ
വര്‍ത്തമാനങ്ങളില്‍.
തന്‍റെ നെഞ്ചിലൂടെ ഒരു സ്വാന്തനം പോലെ ഇഴയുന്ന അവളുടെ കൈയ്യില്‍
പിടിച്ച് സ്നേഹത്തോടെ അയാള്‍ പറഞ്ഞു;വേണ്ട റാഹേല്‍ ഇപ്പോള്‍
മരുന്നൊന്നും വേണ്ട. ഇതൊക്കെ കഴിക്കണമല്ലോ എന്നോര്‍ക്കുമ്പോഴാണ് മനസ്സ്
വല്ലാതെ അസ്വസ്ഥമാവുന്നത് അതുകൊണ്ട്...
" അവളുടെ കണ്ണുകളില്‍ നനവു പൊടിയുന്നത് അയാള്‍ കണ്ടു.
painting: Tayeb Mehta
ബ്രിജേറ്റോയെപോലെയല്ല ഇവള്‍. ബ്രിജേറ്റോക്കു ഒന്നും സഹിക്കാന്‍
കഴിയുമായിരുന്നില്ല. വേദന തോന്നുമ്പോള്‍ കുറേ കരയണം അവള്‍ക്ക് .എന്നാല്‍
റാഹേല്‍ എല്ലാം സഹിക്കുന്നു. നിലവിളികളില്ല. കണ്ണുകള്‍ പോലും അപൂര്‍വ്വമായേ
നനയാറുള്ളു. എല്ല വേദനകളും ഉള്ളിലൊതുക്കാന്‍ റഹേലിനു കഴിയുമെന്നുവെന്നത്
അത്ഭുത തന്നെ. ഒരു നിലവിളിയുടേയൊ കെട്ടിപിടിച്ചുകൊണ്ടുള്ള
തേങ്ങലുകളിലൂടേയൊ മുറിഞ്ഞുപോവാത്ത വേദന വല്ലാത്ത വിങ്ങലായി എങ്ങനെ
ഈ പെണ്‍കുട്ടി സഹിക്കുന്നു! മനസ്സിന് തീരെ താങ്ങാന്‍ പറ്റാത്ത അവസ്ഥ
വരുമ്പോള്‍ നെഞ്ച് വേദനിക്കുന്നെന്ന് മാത്രം പറയും.
പാവം റാഹേല്‍........ അയാള്‍ക്കറിയാം അവളുടെ സ്നേഹം. അതിന്‍റെ തീവ്രത.
എന്നിട്ടും എന്നും കുറ്റപ്പെടുത്തിയിട്ടേയുള്ളു. കയ്യുയര്‍ത്തി അവളുടെ
കണ്ണുകള്‍ തുടക്കണമെന്നും സങ്കടപ്പെടരുത് റാഹേല്‍ എന്നു പറയണമെന്നും
അയാള്‍ക്ക് തോന്നിയിരുന്നു. എന്നാല്‍ അതിനവള്‍ അവസരം കൊടുത്തില്ല.
തന്‍റെ വിഷമം അയാള്‍ അറിയരുതെന്ന കരുതലോടെ അയാളുടെ നെറ്റിയില്‍ പതിയെ
ഉമ്മ വെച്ചു അവള്‍ മുറി വിട്ടുപോയി.
സുഖകരമായൊരു തണുപ്പിലേക്കെന്നപോലെ അയാളപ്പോള്‍ മിഴി ചിമ്മി.
എത്ര കാലമായി ഇങ്ങനെ കാത്തിരിക്കാന്‍ തുടങ്ങയിട്ട്.ഞങ്ങളുടെ ക്ഷമയറ്റു
പോയിരിക്കുന്നു ഡാനിയേല്‍...... ബ്രിജേറ്റോയുടെ ശബ്ദം.
"ദൈവമേ.."
അയാളപ്പോള്‍ മിഴി തുറന്നത് ചുമരിലെ ഘടികാരത്തിലേക്കായിരുന്നു. അത്
നിശ്ചലമായി കിടക്കുകയായിരുന്നു.ചെറിയ സൂചിയുമായി ഇണചേര്‍ന്ന് വലിയ സൂചി
പന്ത്രണ്ടെന്ന അക്കത്തില്‍ നിഗൂഢമായ മൌനം മുദ്രണം
ചെയ്തുനില്‍ക്കുകയാണ്.തന്നില്‍ നിന്ന് മുറിഞ്ഞുപോയ കാലമിതാ മുന്നില്‍
തൂങ്ങിനില്‍ക്കുന്നു. സമാധിയുടെ മൌനം. അതിലേക്ക് ശ്രദ്ധയൂന്നവെ തനിക്ക്
വല്ലാത്ത ഭാരക്കുറവ് അനുഭവപ്പെടുന്നത് അയാള്‍ക്കറിഞ്ഞു.വായുവിലൂടെ
അനായാസമായി സഞ്ചരിക്കുന്ന തരത്തിലുള്ളൊരു സുഖം അയാളപ്പോള്‍
അറിയുകയായിരുന്നു.
രോഗബാധിതനായി കിടക്കവെ ശരണം പ്രാപിച്ച അന്നു മുതല്‍ ഇതേ അവസ്ഥ
തന്നേയായിരുന്നില്ലേ തന്നിലെന്ന് അയാള്‍ ഓര്‍ത്തു. ഉവ്വ് തനിക്കിപ്പോള്‍
എല്ലാം ഓര്‍മ്മയാവുന്നു. ഘടികാരത്തില്‍ നിശ്ചലമായ ഏതോ ഒരു പന്ത്രണ്ടു
മണിക്ക് തന്നില്‍ നിന്ന് എല്ലാം വഴി മാറിപ്പോയിരിക്കുന്നു. തന്‍റെ
സ്നേഹം, വിശ്വാസം,സ്വപ്നം,രതി...ഘടികാരം അതിന്‍റെ ഓര്‍മ്മയാണ്.
മുടങ്ങാതെ കൊടുത്തിരുന്ന ചാവിയില്‍ ഇതിലൂടെ അറിഞ്ഞിരുന്നത് തന്‍റെ
ചലനങ്ങള്‍ തന്നെയായിരുന്നു. ഇതിന്‍റെ കൊച്ചുകണ്ണാടിക്കൂട്ടിലേക്ക്
നോക്കുമ്പോള്‍ ഹൃദയം പിത്തളയുടെ നിറമാര്‍ന്ന് ഇടത്തോട്ടും വലത്തോട്ടും
ക്രമാനുഗതമായി ആടുന്നത് എത്ര തവണയാണ് നോക്കിനിന്നിരുന്നത്.
പിന്നെ, വേദന അങ്ങനെയൊന്നില്ല. തോന്നലാണത് വെറും ഭ്രമം. പുറം കാഴ്ചകളും
അതെ, ഈ കിടപ്പു പോലും വിചിത്രമായൊരു കല്ലറക്കുള്ളില്‍ ബ്രിജേറ്റോയുടെയും
ആനിയുടെയും ഇടയില്‍ തന്നെയാണ്.
മുഖം തിരിച്ച് അയാള്‍ ആനിയെ നോക്കി. അവള്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു.
അവളുടെ തലയില്‍ അയാള്‍ പതിയെ തലോടി പിന്നെ ബ്രിജേറ്റോയുടെ മുഖം
കൈയ്യിലെടുത്ത് നനവര്‍ന്ന അവളുടെ കണ്ണില്‍ ചുണ്ടു ചേര്‍ത്ത്
മന്ത്രിച്ചു- ഉറങ്ങുക ബ്രിജേറ്റോ...ശാന്തമായി ഉറങ്ങുക.ഞാന്‍ അടുത്തു
തന്നെയുണ്ടല്ലൊ
BACK