Saturday, June 6, 2009

ഇന്നത്തെ കതാര്‍സിസ്‌-എം.കെ. ഹരികുമാര്‍



പ്രായമായിപ്പോകുന്നത്‌ ശാരീരികമായ വിധിയാണ്‌.മാനസികമായ വിധിയല്ല.
എല്ലാവര്‍ക്കും പ്രായമാകുന്നില്ല.ചിലര്‍ ചെറുപ്പം മുതലേ പ്രായത്തെ
തേടിപ്പോകുന്നു. അവര്‍ കൌമാരം എത്തുന്നതോടെ പ്രായത്തോട്‌ കൂടുതല്‍
പക്ഷപാതിയാകുന്നു. അവരുടെ നോട്ടം ,ചലനം, വിശ്രമവേ
ളകളിലുള്ള ഇടപഴകല്‍
എല്ലാം പ്രായത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണെന്നു
തോന്നും. അടുത്തു കഴിഞ്ഞിരുന്നവരോട്‌ ,ഉറ്റമിത്രങ്ങളോട്‌ ,അവര്‍
പ്രായത്തിന്‍റെ 'മാനിഫെസ്റ്റോ 'പ്രഖ്യാപിക്കും. ഇവിടെ വയസ്സാവുക
യെന്നത്‌
വിധിയായി തീരുന്നു. എന്നാല്‍ പ്രായത്തെ ഭയപ്പെട്ടും അകറ്റിയും ജീവിക്കാം.
ജീവന്‌ ഇത്‌ കുറച്ചൊക്കെ ആവശ്യമാണ്‌.ചില സംവേദനങ്ങള്‍ ചെറുപ്പ
ത്തില്‍
ഉദിച്ച്‌ അസ്തമിക്കുന്നുണ്ട്‌. പിന്നീട്‌ നമുക്ക്‌ അവയെ കാണാനാകുന്നില്ല.
അവയെ സൂക്ഷ്മതയോ
ടെ നിലനിര്‍ത്താനാവശ്യമായ തടങ്ങള്‍ നിലനിര്‍ത്തുന്ന
പ്രക്രിയയാണ്‌ കതാര്‍സിസ്‌എന്നത്‌. പലരും പറയും ജീവിതത്തില്‍ യുവത്വം
നിലനിര്‍ത്തണമെന്ന്‌ .

എനിക്കും തോന്നുന്നത്‌ ജീവിതത്തില്‍ വേ
ണ്ടത്‌
ബാല്യമാണ്‌ എന്നാണ്‌. ബാല്യ
ത്തിനു മാത്രമുള്ള വിമലീകൃതസങ്കല്‍പ്പങ്ങളും
ആഗ്രഹങ്ങളുമുണ്ട്‌. ചില പിണക്കങ്ങള്‍ നമ്മെ ശുദ്ധീകരിക്കും. ഇതും
കതാര്‍സിസ്‌ ആണ്‌. അരിസ്റ്റോട്ടില്‍ പറഞ്ഞ കതാര്‍സിസ്‌
ശുദ്ധീകരണമാണ്‌.മനുഷ്യന്‌ വൈകാരികമായ ഒരു ട്വിസ്റ്റ്‌ ആ
വശ്യമാണ്‌.
നാടകങ്ങളിലെ കതാര്‍സിസ്‌ ഒരു വൈകാരികമായ പുനഃസ്ഥാ
പനമാണ്‌. നാടകാന്ത്യം
പ്രേക്ഷകര്‍ക്ക്‌ സമ്പൂര്‍ണ്ണമായ വൈകാരികോല്‍ക്കര്‍ഷം, നവോ
ന്‍മേഷം എന്നിവ
നല്‍കുന്ന പ്രക്രിയയാണത്‌. കതാര്‍സിസ്‌ ഒരു വൈകാരിക ശുദ്ധീകരണമാണ്‌.
മനസ്സിന്‍റെ ടെന്‍ഷന്‍, മുഷിപ്പ്‌ എന്നിവ മറികടക്കാന്‍ നമുക്കൊ
രു
മാര്‍ഗ്ഗം വേണം. അത്‌ ചിലപ്പോള്‍ ഒരു യാത്ര പോയിക്കൊണ്ടാകാം, പാട്ടു
കേട്ടുകൊണ്ടാകാം .എത്ര ആഹ്ളാദകരമായ കാര്യമായാലും
സദാസമയവും ചെയ്യാനൊക്കില്ല. ഒരു മാറ്റം വേണം. ഉപയോഗിച്ച്‌ മുഷിഞ്ഞ മാനസിക
നിലയെ തരണം ചെയ്യേണ്ടതുണ്ട്‌. ഈ തരണം ചെയ്യലാണ്‌ കതാര്‍സിസ്‌. റഷ്യന്‍
എഴുത്തുകാരി നതാലി സാറോട്ട്‌(Nathalie Sarraute )പറഞ്ഞത്‌ എഴുത്തു തന്നെ

ഒരു കതാര്‍സിസ്‌ ആണെന്നാണ്‌. എഴുതുക എന്നാല്‍ ഒരു പ്രതികരണമാണ്‌. അത്‌
മനസ്സിനെ കെട്ടഴിച്ചുവിടും. വിമോചനം തന്നെയാണത്‌. ഇങ്ങനെയുള്ള
കതാര്‍സിസ്‌ ജീവിതത്തിന്‍റെ ശീലമാക്കാന്‍ ഏതൊരാള്‍ക്കും
കഴിയും.
തുടര്‍ച്ചയായി ജോലി ചെയ്ത്‌ മനസ്സ്‌ ക്ഷീണിച്ചിരിക്കുന്ന ഒരാള്‍ക്ക്‌
അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ എന്തെങ്കിലും വേണം .ഓര്‍മ്മകള്‍ പോലും
രക്ഷാമാര്‍ഗ്ഗമാണ്‌. മനസ്സ്‌ സ്വയം ഉണ്ടാക്കുന്ന ചില ടെക്‌നിക്കുകള്‍
ഉണ്ട്‌. ഏതൊന്നില്‍ നിന്നും രക്ഷ നേടാന്‍മനസ്സിനു പ്രത്യേക കഴിവുണ്ട്‌
സിനിമാടിക്കറ്റിനു വേണ്ടി മണിക്കൂറുകളോളം ക്യൂ നില്‍ക്കു
ന്നവരെ
കണ്ടിട്ടുണ്ട്‌. ടിക്കറ്റു കിട്ടി തീയേറ്ററിലെത്തിയാല്‍ അവര്‍ എല്ലാം
മറക്കും. ടിക്കറ്റിനു വേണ്ടി ക്യൂ നില്‍ക്കുന്ന സമയത്തും അയാള്‍
അതിജീവിക്കുന്നുണ്ട്‌.തൊട്ടടുത്
ത്‌ നില്‍ക്കുന്നവരെപ്പോലും അയാള്‍
സഹിക്കുന്നത്‌ മനസ്സ്‌ ഒരുക്കുന്ന ടെക്‌നിക്കുകള്‍ മൂലമാണ്‌.

പക്ഷേ മനുഷ്യന്‍ സ്വയം കണ്ടെത്തേണ്ട കതാര്‍സിസ്‌ ഇതില്‍ നിന്നു ഭിന്നമാണ്‌.
എന്തിനും ഏതിനും മടുപ്പിക്കുന്ന സ്വഭാവമുണ്ട്‌ .ഒരു ടിവി ചാനല്‍ തന്നെ
ഒരാള്‍ക്ക്‌ നോക്കികൊണ്ടിരിക്കാന്‍ കഴിയില്ല. ചാനല്‍
മാറ്റികൊണ്ടേയിരിക്കുകയെന്നത്‌ മറ്റൊരു വിധിയാണ്‌.
ചാ
നല്‍ മാറ്റികളിക്കുന്നത്‌ മനസ്സിന്‍റെ ഭ്രാന്തു മാറ്റാനുള്ള മനസ്സിന്‍റെ
തന്നെമാര്‍ഗ്ഗമാണ്‌. ചാനല്‍ മാറ്റിയില്ലെങ്കില്‍ ,ഒരേ ദൃശ്യങ്ങള്‍
കണ്ട്‌ നാം തകരും. പല ഭരണാധികാരിക്കും അറിയില്ല ശാരീരികമായ പീഡനത്തേക്കള്‍
വലുതാണ്‌ ഒരേ ദൃശ്യങ്ങള്‍ തന്നെ മണിക്കൂറുകള്‍
കാണുന്നതെന്ന്‌.
ഇതറിഞ്ഞിരുന്നുവെങ്കില്‍ ഗ്വാണ്ടനാമ ജയിലുകളില്‍ വന്‍ പീഡനങ്ങള്‍ക്കു
പകരം ടിവി ദൃശ്യങ്ങള്‍ തുടരെ കാണിച്ച്‌ തടവുകാരെ
പീഡിപ്പിക്കുമായിരുന്നു.ഒരേ ദൃശ്യങ്ങള്‍ കാണാനായി വിധിച്ചാല്‍ കുറേ
കഴിയുമ്പോള്‍ അയാള്‍ എല്ല സ്വാഭാവിക ഊര്‍ജ്ജവും നഷ്ടപ്പെട്ട്‌
ഭ്രാന്തനായി മാറും. പ്രണയത്തിനുപോലും മനസ്സിനെ ബോറടിപ്പിക്കാന്‍
കഴിയും.പ്രണയവും ഒരു ഭാരം എടുത്തുവെക്കലാണ്‌. മറ്റൊരാളുടെ മനസ്സുമായുള്ള
അറിവുകളുടെ ,വികാരങ്ങളുടെ, ബോധങ്ങളുടെ ബലാബലമാണത്‌. ഇതില്‍ ഒറ്റപ്പെടലും
സംശയവും അസൂയയും വിദ്വേഷവും വന്നുകൊണ്ടിരിക്കും. അതുകൊണ്ട്‌
പ്രണയത്തിന്നിടയിലും മൌനം അനിവാര്യമായിത്തീരുന്നു.പ്രണയത്
തിന്നിടയില്‍
വഴക്ക്‌ ഒരൌഷധമാണ്‌. വേര്‍പിരിയല്‍ അത്യാഹിതത്തിന്‍റെ ഒഴിഞ്ഞുപോക്കാണ്‌.
പരസ്പരം വെറുക്കുന്നത്‌ പ്രണയത്തിന്‍റെ കതാര്‍സിസ്‌ ആണ്‌. മനസ്സിനുള്ള
ഒരു പരിചരണം നാം
ചെയ്യുന്നേയില്ല. ശരീരത്തിന്‍റെ മര്‍ദ്ദം ,കൊഴുപ്പ്‌,
പഞ്ചസാര എല്ലാം നാമിപ്പോള്‍ നോക്കിതുടങ്ങിയിട്ടുണ്ട്‌. മനസ്സിനോടു
ചോദിക്കാതെ ശരീരത്തിനും തന്നിഷ്ടം
പ്രവര്‍ത്തിക്കാനറിയാം. ഇത്‌
ശരീരത്തിന്‍റെ കതാര്‍സിസ്‌ ആണ്‌.

മനസ്‌ ചലനമില്ലാതെ ജീവിക്കുമ്പോള്‍,
അതിന്‍റെ അടഞ്ഞ ലോകത്തെ പരിഷ്കാരങ്ങളും വഴക്കങ്ങളും ശ്വാസം
മുട്ടിക്കുമ്പോള്‍ ശരീരം ഏതു വിധേനയും കതാര്‍സിസിനു ശ്രമിക്കുന്നു. അത്‌
ചിലപ്പോള്‍ രക്തസമ്മര്‍ദ്ദമാകാം ,രോഗമാകാം .അതേ സമയം മനസ്സിനെ നാം
ഗൌനിക്കുന്നില്ല. എന്നാല്‍ മനസ്സിനും ഒരു ജീവിതമുണ്ട്‌. ഒരു
ദഹനവ്യവസ്ഥയും. ജീവിതക്രമവുമുണ്ട്‌. ഏതു കുരുക്കില്‍ നിന്നും അതിനു്‌
യഥേഷ്ടം രക്ഷപ്പെടാന്‍ കഴിയും. മനസ്സില്‍ നാം ദീര്‍ഘകാലത്തേക്ക്‌ പല
വിഷചിന്തകളും നിക്ഷേപിക്കുന്നു. വിനാശകാരികളായ പദാര്‍ത്ഥങ്ങളടങ്ങിയ
വികാരങ്ങളും ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സില്‍ നിശ്ശബ്ദമായി അടിഞ്ഞുകൂടി
കിടക്കുന്നുണ്ട്‌. അവയെ ദൂരെ
എറിയാനുള്ള ശ്രമം ഉണ്ടാകുന്നതിലും ഒരു
ശുദ്ധീകരണപ്രക്രിയ മനസ്സിനു കൂടിയേ കഴിയു. ഈ-ക്ളീന്‍സിംഗ്‌
എഫ്ഫെക്റ്റ്‌-മനസ്സിന്‍റെ നിലനില്‍പ്പിന്‌ ആവശ്യമാണ്‌. ഒരു പ്രശ്നത്തെ
ദീര്‍ഘകാലത്തേക്ക്‌ എന്നതിന്‌ പകരം ഓരോ പ്രശ്നത്തില്‍ നിന്നും
എത്രയും വേഗം മനസ്സിനെ സ്വതന്ത്രമാക്കാം എന്നാണ്‌ ആലോചിക്കേണ്ടത്‌.
ഉദാഹരണത്തിന്‌ നമ്മുടെ കയ്യില്‍ ബാങ്കിലിടാനുള്ള ഒരു ചെക്കുണ്ട്‌. ഒരു
കൊറിയറ്‍ അയക്കാനുള്ള കവറുണ്ട്‌. സുഹൃത്തു വന്നതുകൊണ്ട്‌ അവനെ
സ്വീകരിക്കാന്‍ ,അല്ലെങ്കില്‍
സന്ദര്‍ശിക്കാന്‍ പോകേണ്ടതുണ്ട്‌. ആദ്യത്തെ
രണ്ടു പ്രശ്നങ്ങളും
നിലനിര്‍ത്തിക്കൊണ്ട്‌ സുഹൃത്തിനെ കാണാന്‍ പോകുന്നത്‌
ആരോഗ്യകരമല്ല. മനസ്സ്‌ പ്രസന്നമായിരിക്കില്ല. മനസ്സിനെ നേരത്തെ
ഏല്‍പ്പിച്ച ജോലികള്‍
പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍ അവ മനസ്സില്‍
അടിഞ്ഞുകൂടിക്കിടന്ന് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടാകും. എന്നാല്‍ ചെക്ക്‌
ബാങ്കിലിടുകയും കൊറിയറ്‍ അയക്കുകയും ചെയ്ത ശേഷം സുഹൃത്തിനെ കാണാന്‍
പോകുകയാണെങ്കില്‍ മനസ്സിനുള്ള
കതാര്‍സിസ്‌ ആയി. ഉന്‍മേഷകരവും
സുഖകരവുമായിരിക്കും അത്‌. മനസ്സിന്‍റെ സൌന്ദര്യത്തിനും ജീവിതത്തിനും ഈ
ജോലി
തീര്‍ക്കല്‍ അനിവാര്യമാണ്‌. ചിലര്‍ ഒരു മാസമായുള്ള കാര്യങ്ങള്‍
ചെയ്തുതീ
ര്‍ക്കാതെ മനസ്സിനു ഭാരം വര്‍ദ്ധിപ്പിക്കുന്നു .
ഇങ്ങനെയുള്ളവര്‍ക്ക്‌ മനസ്സ്‌ സുഖം തരികയില്ല. മാത്രമല്ല മനസ്സ്‌
ശരീരത്തില്‍ ഭാരമാവുകയും ചെയ്യും.

മനസ്സില്‍ നിന്നു വേണ്ടത്ര
പരിചരണം
കിട്ടാതെ വരുമ്പോള്‍ ശരീരത്തിനും നിയന്ത്രണം നഷ്ടപ്പെടും. ജീവിതത്തില്‍
എത്രയും
കതാര്‍സിസ്‌ ആകാമൊ അത്രയും നല്ലതാണ്‌. മറ്റുള്ളവരുമായുള്ള
ഇടപഴകലില്‍ ഇത്‌ രസം പകരും. ഒരാളോടുള്ള പക ,ദേഷ്യം തുടങ്ങിയ വികാരങ്ങള്‍
മനസ്സില്‍ കെട്ടികിടക്കാതിരിക്കണമെങ്കില്‍
കതാര്‍സിസ്‌ വേണം. ഏതു്‌
വികാരത്തേയും ശുദ്ധീകരിക്കുക എന്നത്‌ നിലനില്‍പ്പിനു വേണ്ടിയുള്ള
പോരാട്ടത്തിന്‍റെ ഭാഗമാണ്‌. മനസിനെ പരിചരിച്ചുകൊണ്ടല്ലാതെ ഈ മുറ്റത്ത്‌
ഇനി ഒരു സംസ്ക്കാരവും അതിജീവിക്കില്ല. ഇത്രയും കാലം ബുദ്ധിയേയും
ആത്മീയതയേയും നാം പല വിധത്തില്‍ സേവിച്ചു. ആത്മീയതയെ വ്യാഖ്യാനിക്കുകയും
കല അനുഷ്ഠാനമാക്കുകയും ചെയ്തു നാം. എത്ര നൂറ്റാണ്ടുകള്‍ മനസ്സിനെ
അവഗണിച്ചു. ഇതിന്‍റെ ഫ
ലമോ,ക്ളിനിക്കുകളില്‍ പോകുകയോ, പോകേണ്ടിവരികയോ
ചെയ്യാത്ത അനേകം
പേര്‍ മാനസികതകരാറുള്ളവരായിരിക്കുന്നു. മനസ്സ്‌
കുഴപ്പമുണ്ടാക്കികൊണ്ടേയിരിക്കു
ം. ആധുനിക ലോകത്ത്‌ മനസ്സിനെ
ശ്രദ്ധിക്കാനൊന്നും
ആര്‍ക്കും നേരം കിട്ടുകയില്ലെന്നത്‌ ശരിയായിരിക്കാം.
പക്ഷേ ഓരോ വ്യക്തിയും ആഹാരം കഴിക്കുന്നതുപോലെ പ്രാധാന്യം കൊടുക്കേണ്ട
കാര്യമാണിത്‌.അമേരിക്കന്‍ ചലച്ചിത്ര സംവിധായകനായ ഗ്രെഗ്‌ ഹാരിസണ്‍
പറഞ്ഞത്‌ ഇന്നത്തെ സമൂഹത്തില്‍
കതാര്‍സിസിന്‌ സാധ്യതയില്ലെന്നാണ്‌.
ചുറ്റുമുള്ള ലോകത്തില്‍ നമുക്ക്‌ ലയിച്ചു ചേരാം. പല ശരീരങ്ങളില്‍
ഒന്നാകാം. എന്നാല്‍ നമുക്ക്‌
മാത്രമായി അതിജീവനം പറ്റില്ലെന്ന് ഗ്രെഗ്‌
പറയുന്നു. ഇത്‌ വാസ്തവമല്ല. ഈ കാലത്ത്‌ മനുഷ്യന്‍റെ അസ്തിത്വം
മനസ്സിന്‍റെ അസ്തിത്വത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. മനസ്സിന്‍റെ യാത്രയെ
സുഗമമാക്കുന്നത്‌
കതാര്‍സിസ്‌ ആണ്‌. ഇതാകട്ടെ മനസ്സിനുള്ള കര്‍മ്മവും
മരുന്നുമാണ്‌.


BACK