Saturday, June 6, 2009

കയറ്റുകട്ടില്‍ -ശ്രീദേവി നായര്‍




മീനാക്ഷിയ്ക്ക് മക്കള്‍ 6പേരായിട്ടും വാസുപിള്ള അലോഹ്യം കാണിച്ചില്ല.
മീനാക്ഷി,അതൃപ്തിയും.
തന്റ്റെ ചെറുപ്പം തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നതായി അയാള്‍ക്ക് തോന്നി.

മൂടിപ്പുതച്ചു കയറ്റുകട്ടിലില്‍ കിടന്നുറങ്ങാന്‍ തുടങ്ങുമ്പോഴെല്ലാം,അയാള്‍ മാനത്തെ നക്ഷത്രങ്ങളെ
കൂരയ്ക്കിടയിലെ വിടവില്‍ക്കൂടിക്കണ്ട് പൊട്ടിച്ചിരിച്ചു.

രാത്രി ഉറക്കം വരാതെകിടക്കുമ്പോഴെല്ലാം,ഇതുപതിവായപ്പോള്‍,അടുക്കള വാതിലിന്റെ മറ മെല്ലെനീക്കി മീനാക്ഷി,റൌക്കയിലെ കീറലുകാണാതെ മറച്ചിരുന്ന തോര്‍ത്ത് മാറ്റിയിട്ട് അയാളുടെ
അരികിലെത്തി.

ദേ..എന്താ?നിങ്ങള്‍ക്ക് ഉറക്കം വരണില്ലേ?

കാല്‍പ്പെരുമാറ്റം കാത്തിരുന്ന വാസുപിള്ള കയറ്റുകട്ടിലിന്റെ അരികുചേര്‍ന്ന് കിടന്ന് മീനാക്ഷിയെ
സ്വാഗതം ചെയ്തു.
ദാരിദ്ര്യത്തിന്റെ ക്രൂരമുഖങ്ങള്‍ക്കിടയില്‍ വീണുകിട്ടുന്ന രാത്രിയിലെ സമാഗമങ്ങള്‍,അങ്ങനെതുടര്‍ന്നു
കൊണ്ടേയിരുന്നു.

കുട്ടികള്‍ ആറ്‌ .ഇനിയും?

കീറാത്ത റൌക്കയ്ക്ക് മീനാക്ഷി കാത്തിരുന്നില്ല.

കാലാടുന്ന കയറ്റുകട്ടിലിന്റെ ആട്ടത്തിനെ വാസുപിള്ള തടഞ്ഞു നിര്‍ത്തിയതുമില്ല!


മരണത്തിന്‍റെ മനസ്സ്‌
ഫോണിന്റെ അങ്ങേത്തലയ്ക്കലുള്ള ശബ്ദം അപരിചിതമായിരുന്നു.
എങ്കിലും ഏതോ തിരിച്ചറിവിന്റെ
അപൂര്‍വ്വരാഗമായി,അത് ചെവിയില്‍ മാറ്റൊലിക്കൊണ്ടു.

വീണ്ടും,വീണ്ടും വിളിച്ചു.....
എന്‍റെ ശബ്ദം മനസ്സിലാക്കിയതുപോലെ, ഉത്തരം കിട്ടി.
ഒരു നിമിഷത്തെ അന്ധാളിപ്പിനൊടുവില്‍, പ്രയാസപ്പെടാതെ മനസ്സിലാക്കാന്‍ കഴിഞ്ഞു.
ശ്രീ...ഇതു ഞാനാ....!

കുത്തിനോവിക്കുന്ന വേദന മനസ്സിനെ അസ്വസ്ഥമാക്കി.

എന്തു പറയണമെന്നറിയാതെ പകച്ചമനസ്സ് ...

“ഹലോ?
എന്തുപറ്റി മാഷേ?
പതിവുശൈലിയിലുള്ള സംസാരം അന്ന് തനിയ്ക്കും നഷ്ടമായീ.
എന്തോ, പാതിവഴിയില്‍ തളരുന്ന സ്വരം. ശബ്ദവും നിസ്സഹായയായതുപോലെ!
ശ്രീ....അവര്‍ അതു ചെയ്തു!
വേണ്ടാ...മുഴുവന്‍ കേള്‍ക്കാന്‍ ശക്തിയില്ലാതെ ഞാന്‍ പകച്ചു..കിതച്ചു..വിങ്ങിവിങ്ങിക്കരഞ്ഞു...
ശ്രീ..എന്ന വിളി ഇനി അവനില്‍ നിന്നും ഒരിക്കലുമുണ്ടാവില്ല;എങ്കിലും അവന്റെ ശ്വാസം എന്‍റെ
ചെവിയില്‍ എന്‍റെ പേരുമാത്രം, നിരവധിപ്രാവശ്യം പറയുന്നുണ്ടായിരുന്നു.
മാരക രോഗത്തിന്‍റെ പിടിയിലാണെന്ന് മനസ്സിലാക്കിയ അന്നും,അവന്‍ എന്നെ വിളിച്ചു.
വേദനയോടെയെങ്കിലും അവന്‍റെ വാക്കുകള്‍ക്ക്,ഞാന്‍ കുറെ സമാധാനം സമ്മാനിച്ചു.
നീണ്ടവര്‍ഷങ്ങളുടെ ബന്ധങ്ങള്‍പോലും കേവലം ഔപചാരികമായിത്തീരുന്ന മനുഷ്യരില്‍ ,
സുഹൃത്ത് ,എന്നതിലുപരി അവന്‍ മറ്റാരോആയിത്തീരുകയായിരുന്നു.
കോളേജിന്റെ ഇടനാഴികളിലെ പ്രണയമായിരുന്നില്ല അത്.മാനസ്സികമായ സൌഹൃദം!
ഫോണില്‍ തന്‍റെ സ്വരം കേള്‍ക്കുമ്പോഴെല്ലാം അവന്‍ പറയും;
ശ്രീ....നീ പറയേണ്ടാ...ഈ സ്വരം ആരുടേതാണെന്ന് ...
നിന്‍റെ ശബ്ദം മരണത്തില്‍ പോലും ഞാന്‍ തിരിച്ചറിയും!
അറം പറ്റിയ നാവിന്റെ,അര്‍ത്ഥമറിയാത്ത വാക്കുകള്‍,ഇന്നും എന്നെ വേട്ടയാടുന്നു.
ഓരോ,ഫോണ്‍ വിളിയിലും,പാതിമുറിച്ച നാവിന്റെ ചലനശേഷിയില്‍,എന്നെ വിളിക്കാന്‍ പാടുപെടുന്ന എന്‍റെ പ്രിയ സുഹൃത്തിനെ ഞാനിന്നും നിറകണ്ണോടെ ഓര്‍ക്കുന്നു.
മരണത്തില്‍ പോലും എന്‍റെ സ്വരം തിരിച്ചറിയുമെന്ന് പറഞ്ഞന്‍ അവന്‍;
ഇന്നും എന്‍റെ വിളികള്‍ക്ക്, കാതോര്‍ത്തിരിക്കുന്നുണ്ടാവുമോ?
ഇല്ല,സുഹൃത്തേ....
നീ മരിച്ചിട്ടില്ല.
ഇന്നും,നീ എന്നെ തിരിച്ചറിയുന്നു!
എന്‍റെ സ്വരത്തെയും,എന്നെയും....
നിനക്കുവേണ്ടിമാത്രം,ഒഴിച്ചിട്ടിരിക്കുന്ന എന്‍റെ മനസ്സിനെയും!
BACK