ഏകദേശം ഇരുപത്തഞ്ചു വര്‍ഷം പിന്നിട്ടിരിക്കുന്നു;കൊച്ചി എന്‍റെ രണ്ടാം
ജന്‍മഗൃഹമായിട്ട്. ഒരന്തേവാസിയായി ഈ നഗരത്തിലേക്ക് കാലെടുത്തു
വെയ്ക്കുമ്പോള്‍ വിവിധ തരത്തിലുള്ള ഭയാശങ്കകള്‍ എന്നെ അലട്ടിയിരുന്നു.
നാട്ടിന്‍ പുറത്ത് ജനിച്ച് വളര്‍ന്ന് ,പിന്നീട് വിദ്യാഭ്യാസാനന്തരം
വ്യത്യസ്തമായ അന്തരീക്ഷത്തില്‍ നഗരങ്ങളും ഗ്രാമ പ്രദേശങ്ങളും
മലയോര പ്രദേശങ്ങളുമുള്‍പ്പെട്ട വിവിധ സ്ഥലങ്ങളില്‍ ജോലിയുടെ ഭാഗമായി
കഴിച്ചുകൂട്ടേണ്ടി വന്നിട്ടുണ്ടെങ്കിലും അവിടമൊന്നും സ്ഥിരമാവണ്ടതായി
മാറാത്തതുകൊണ്ട് ഒരിക്കലും ഗൃഹാതുരത്വത്തിന്‍റെ അനുരണനങ്ങള്‍ എന്നില്‍
ഉരുത്തിരിഞ്ഞിരുന്നില്ല.പക്ഷേ'
ജീവിതവീക്ഷണത്തിന് തന്നെ പാടേ മാറ്റം വന്നു.
ഈ നഗരത്തില്‍
കണ്ടുമുട്ടുന്നവര്‍ക്കൊക്കെ എന്തൊക്കെയോ എന്നോടു സംസാരിക്കണമെന്ന
തോന്നല്‍.-അല്ലെങ്കില്‍ എനിക്കവരുമായി സംവദിക്കണമെന്നുള്ള
തോന്നല്‍-അതൊക്കെ എന്നില്‍ ഉരുത്തിരിയുകയായി.സാഹിത്യ രചന എനിക്ക്
ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ ഉണ്ടായിരുന്നു. ചങ്ങമ്പുഴയുടെ
രമണന്‍ പാടിക്കേട്ട ബാല്യകാലത്തിന്‍റെ ഓര്‍മ്മയില്‍ കവിതകളെഴുതിയാണ്
തുടക്കം കുറിച്ചത്. പക്ഷേ 'എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും
സങ്കല്‍പ്പലോകമല്ലീയുലകം'എന്ന് ചങ്ങമ്പുഴ എഴുതിയത് ലാഘവബിദ്ധിയോടെയല്ല
എന്ന തിരിച്ചറിവ് ലഭിച്ചതോടെ ഞാനീ രംഗത്ത് ഒന്നുമാവാന്‍ പോവുന്നില്ല
എന്ന് മനസ്സിലാക്കിയതോടെ -കുറേക്കാലം അനിശ്ചിതാവസ്ഥയില്‍ എന്ത്
വേണമെന്നറിയാതെ മരവിച്ച് നിന്നു. ആയിടക്കു തന്നെ ഒരു മദ്ധ്യവേനലൊഴിവു
കാലത്ത് എസ്.കെ.പൊറ്റേക്കാടിന്‍റെ 'നാടന്‍ പ്രേമം' വായിക്കാനിടയായതോടെ
ഞാന്‍ പിന്നെ നോവലിന്‍റെയും കഥകളുടേയും ലോകത്തേക്ക് തിരിഞ്ഞു. പക്ഷേ
അവിടെ എനിക്കധിക കാലം തുടരാനായില്ല. കോളേജില്‍ പഠിക്കുന്ന കാലത്തുണ്ടായ
ചില തിക്താനുഭവങ്ങള്‍ എന്നെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലേക്
കൊണ്ടെത്തിച്ചു. കോളേജ് വിട്ട് ഒരു പൊതുമേഖലാസ്ഥാപനത്തില്‍
ജോലിയായപ്പോള്‍ ട്രേഡ് യൂണിയന്‍ രംഗത്തും വിരാജിച്ചു. ഈ ലോകം കീഴ്മേല്‍
മറിക്കാമെന്ന വ്യാമോഹങ്ങളുടെ അടിയില്‍ എഴുത്തും വായനയും മരവിച്ചു
കിടന്നു.രാഷ്ട്രീയരംഗത്തും ഞാനൊന്നുമാവില്ല എന്നും ,എന്‍റെ സ്വപ്നങ്ങള്‍
പാഴ് സ്വപ്നങ്ങള്‍ മാത്രമാണെന്നുമുള്ള തിരിച്ചറിവ് ലഭിച്ചത് നീണ്ട
രണ്ട് പതിറ്റാണ്ട് കാലത്തിന് ശേഷം മാത്രം.അനിശ്ചിതാവസ്ഥയില്‍ എന്ത്
ചെയ്യണമെന്നറിയാതെ വിറങ്ങലിച്ച് നിന്ന ഒരു കാലഘട്ടം. അപ്പോഴേക്കും ഞാന്‍
കൊച്ചിയില്‍ താമസക്കാരനായി മാറിക്കഴിഞ്ഞിരുന്നു. യാദൃശ്ചികമായി ഈ
നഗരത്തില്‍ വച്ച് ഒരു ദിവസം മദ്രാസില്‍ സിനിമയും ഇടവേളകളില്‍ പത്രവുമായി
നടന്നിരുന്ന കോളേജ് വിദ്യാഭ്യാസകാലത്തെ സുഹൃത്ത് പെരുവാരം ചന്ദ്രശേഖരനെ
കാണുന്നു. താന്‍ പത്രാധിപരായ -മദ്രാസില്‍ നിന്നിറങ്ങുന്ന ഒരു സിനിമാ
സാംസ്ക്കാരിക മാസികയിലേക്ക് എന്തെങ്കിലും എഴുതണമെന്ന്
നിര്‍ബ്ബന്ധിക്കുന്നത് അയാളാണ്. ഞാനൊഴിഞ്ഞു മാറാന്‍ നോക്കിയെങ്കിലും
പെരുവാരം വിടുന്നില്ല. 'തനിക്കതിന് കഴിയും' ഒന്ന് തുടങ്ങിക്കിട്ടാനാണ്
ബുദ്ധിമുട്ട്. തുടങ്ങിയാല്‍ പിന്നെയെല്ലാം ശരിയാവും. ശക്തമായ
നിര്‍ദ്ദേശം. എനിക്ക് തള്ളിക്കളയാനാവില്ല എന്നായപ്പോള്‍ ഞാനൊരു ശ്രമം
നടത്താമെന്ന് പറഞ്ഞു. ആ ശ്രമം എന്നെ വീണ്ടും എഴുത്തിന്‍റെ ലോകത്തേക്ക്
കൊണ്ടുവന്നു. എന്നോടൊപ്പം ഉണ്ടാായിരുന്നവരും എനിക്ക് പിന്നാലെ വന്നവരും
ബഹുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു.
പക്ഷേ, ഞാന്‍ നിരാശനായില്ല. ഞാനാ രംഗത്ത് തുടങ്ങി ഇതുവരെയെത്തി.
(പെരുവാരം ചന്ദ്രശേഖരന്‍ ജീവിതത്തില്‍ വ്യക്തമായ ഒരു മേല്‍ വിലാസവും
അവശേഷിപ്പിക്കാതെ ,ഏതാനും വര്‍ഷം മുമ്പ് അന്തരിച്ചു) ഈ നഗരത്തിന്
മറ്റെങ്ങുമില്ലാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്ന് ,ഇവിടുത്തെ
അന്തേവാസിയായിത്തീര്‍ന്ന നിമിഷം മുതല്‍ എനിക്കു തോന്നിയിരുന്നു. ഏറെ
ബിദ്ധിമുട്ടും കഷ്ടപ്പാടുകളും നിറഞ്ഞ അന്തരീക്ഷമായിരിക്കും അധികവും
ലഭിക്കുക. സ്വസ്ഥമായ ,ശാന്തമായ, ഒരിടത്തേക്ക് പോണമെന്ന്
തീരുമാനിച്ചാലും എന്തോ ആകര്‍ഷണീയത-എന്നെ ഈ നഗരത്തിലേക്ക് വീണ്ടും
അടുപ്പിക്കുന്നു. ഇവിടുത്തെ അസഹനീയമായി മാറിയ കൊതുകു
ശല്യം-നിനച്ചിരിക്കാത്ത നേരത്ത് വന്ന് പെടുന്ന ഹര്‍ത്താലും ബന്ദും
പണിമുടക്കും-അതൊക്കെ സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ -ചിലപ്പോള്‍ കുടിവെള്ളം
പോലും കിട്ടാതെ വരുന്ന അവസ്ഥ-കയ്യില്‍ പൈസയുണ്ടായാലും പട്ടിണി
കിടക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍-ഇതൊന്നും ഈ നഗരത്തോട് വിടപറയാന്‍
കാരണമാവുന്നില്ല.. നിരത്തുകളിലൂടെ പായുന്ന അസംഖ്യം വാഹനങ്ങള്‍
സൃഷ്ടിക്കുന്ന ശബ്ദമലിനീകരണം നഗര പ്രാന്തത്തിലുള്ള വ്യവസായ ശാലകള്‍ പുറം
തള്ളുന്ന ദുര്‍ഗന്ധം വമിക്കുന്ന വാതകങ്ങള്‍ വഴി വന്നു ചേരുന്ന അന്തരീക്ഷ
മലിനീകരണം ,ഓടകളില്‍ കെട്ടിക്കിടക്കുന്ന രോഗങ്ങള്‍ വരുത്താന്‍ കാരണമായി
മാറുന്ന അഴുക്കു ജലം, ഇവയൊക്കെ തീരാദുരിതങ്ങളാണ്.സമ്മാനിച്ചി
എനിക്കിടക്കാലത്ത് പിടിപെട്ട ഈസ്നോഫീലിയ -ഈ നഗരത്തിന്‍റെ സംഭാവനയാണ്.
ഇവിടെ താമസം തുടങ്ങി അധികം താമസിയാതെ തന്നെ വീട്ടില്‍ നിന്നും
വിലപ്പെട്ടതുള്‍പ്പെടെ പലതും മോഷണം പോയിട്ടുണ്ട്. ആ പ്രക്രിയ ഇപ്പോഴും
ഇടക്കിടെ ആവര്‍ത്തിക്കുന്നുണ്ട്ക്രിമിനല്
മുഖാമുഖം കാണേണ്ടി വന്നിട്ടുണ്ട്. ഇന്‍ഡ്യയിലെ വലിയ നഗരങ്ങളുള്‍പ്പെടെ
വിവിധ സ്ഥലങ്ങളില്‍ പലപ്പോഴും സഞ്ചരിക്കുകയും അവിടങ്ങളിലൊക്കെ തങ്ങുകയും
ചെയ്തിട്ടുണ്ടെങ്കിലും പോക്കറ്റടിയുടെ രസം അനുഭവിച്ചത് ഈ നഗരത്തിലെ
ബസ്സുയാത്രക്കിടയിലാണ്. ഏറ്റവുമവസാനം രണ്ട് വാഹനാപകടങ്ങളില്‍ പെട്ട്
ഏറെക്കാലം ആശുപത്രിയിലും വീട്ടിലുമായി ഒരു കാരാഗൃഹവാസം അനുഭവിക്കാനും ഈ
നഗരം കാരണമായിത്തീര്‍ന്നു.
എങ്കിലും പിരിയാന്‍ വയ്യാത്ത ഒരു കാമുകിയുടെ
സ്വഭാവമാണവള്‍ കാണിക്കുക. സാഹിത്യരചനക്കുള്ള വളക്കൂറുള്ള മണ്ണ്
ഇവിടുണ്ട് എന്ന് തിരിച്ചറിഞ്ഞതോടെ ഈ നഗരം എന്‍റെ ജീവിതവുമായി
ഏറെ കൂടിക്കുഴഞ്ഞു കിടക്കുന്നു. എന്‍റെ ആദ്യകൃതി 'തടവറയിലേക്കു വീണ്ടും'
-കഥാസമാഹാരം പുറത്തിറങ്ങിയത് ഈ നഗരത്തില്‍ താമസമായതിനു ശേഷമാണ്.
ഇന്നിപ്പോള്‍ രചനയുടെ പുഷ്ക്കലമെന്ന് പറയാവുന്ന കാല്‍നൂറ്റാണ്ട്
പിന്നിട്ടിരിക്കുന്ന അവസ്ഥയില്‍ ഇനിയും എനിക്ക് സാഹിത്യ രംഗത്ത്
എന്തെങ്കിലും ചെയ്തേ ഒക്കൂ എന്നായിട്ടുണ്ട്. കഥാസമാഹാരങ്ങള്‍, നോവലുകള്‍,
അനുഭവക്കുറിപ്പുകള്‍ ,സിനിമ എന്നീ രംഗങ്ങളിലായി ഇരുപതില്‍ പുറം കൃതികള്‍
എന്‍റെതായി പുറത്ത് വന്നുകഴിഞ്ഞു. പക്ഷേ, എന്‍റെ കയ്യൊപ്പ്
ചാര്‍ത്തിയതെന്ന് സഹൃദയലോകം വിലയിരുത്തിയ ഒരു കൃതി -ഗന്ധര്‍വ്വ സ്പന്ദം-
എന്ന നോവല്‍ പുറത്തിറങ്ങിയതാണ് എനിക്കേറ്റവും ചാരിതാര്‍ത്ഥ്യം നല്‍കിയ
സംഭവം. ബാല്യകാലത്തെ ഓര്‍മ്മകളില്‍ തുടിച്ച് നിന്നിരുന്ന ചങ്ങമ്പുഴ എന്ന
ഗന്ധര്‍വ്വ കവിയോടുള്ള ആരാധന ഇക്കഴിഞ്ഞ കാലയളവിലെല്ലാം എന്‍റെ
മനസ്സിലുണ്ടായിരുന്നുവെന്നതിന് ഈ കൃതി സാക്‌ഷ്യം വഹിക്കുന്നു. ഒരു
സാഹിത്യ സൃഷ്ടിക്കുവേണ്ടി ഏറെ പണിപ്പെട്ടതും സംഘര്‍ഷഭരിഹമായ ഏറെ
മുഹൂര്‍ത്തങ്ങളിലൂടെ ഞാന്‍ കടന്നുപോന്നതും ഈ കൃതിയുടെ രചനാവേളയിലാണ്.
ജീവചരിത്ര കൃതിയായി തുടക്കമിട്ടെങ്കിലും പല പ്രാവശ്യം അത് മാറ്റിയെഴുതി.
പിന്നീടതൊരു സ്വതന്ത്രരചനയായി. അവസാനം നോവലായി മാറുകയായിരുന്നു. പുസ്തകം
ഇറങ്ങിയ പാടെ ലഭിച്ച പ്രശസ്തിയും ചര്‍ച്ചയും കുറേയൊക്കെ വിവാദവും മൂലം
വ്യക്തമായ ഒരു മേല്‍വിലാസം ലഭിച്ചുവെന്ന സന്തോഷമുണ്ട്. നാലു
വറ്‍ഷത്തിന് മേലെയെടുത്ത് പൂറ്‍ത്തിയാക്കിയ ആ കൃതി- എന്‍റെ ശ്രമം
ഫലവത്തായി മാറി എന്ന സന്തോഷത്തിലാണ് ഞാന്‍.
ബഹിഷ്ക്കരിക്കപ്പെട്ടവരുടേയും പാറ്‍ശ്വവല്‍ക്കരിക്കപ്പെട്ടവരു
ജീവിതങ്ങള്‍ കണ്ടറിയാനുള്ള അവസരം ഈ കാലയളവിലുണ്ടായി. ഇന്നിപ്പോള്‍
ഇണ്റ്റെര്‍നാഷണല്‍ സ്റ്റേഡിയമായി മാറിയ ഇടം മുമ്പീ നഗരത്തിന്‍റെ
കുപ്പത്തൊട്ടിയായിരുന്നു. അവിടെ നിക്ഷേപിക്കുന്ന മാലിന്യങ്ങളുടേയും
വിസറ്‍ജ്ജ്യവസ്തുക്കളുടേയും അരികില്‍- കാട് പിടിച്ച് കിടക്കുന്ന കുറേ
സ്ഥലം. സൂര്യപ്രകാശം പോലും അന്യമായി മാറിയ ഒരിടം. അവിടേയും കുറേ പേറ്‍
കഴിഞ്ഞുകൂടുന്നുവെന്നത് ഞെട്ടിക്കുന്നതും
അത്ഭുതപ്പെടുത്തുന്നതുമായിരുന്നു- അവരില്‍ പിച്ചക്കാരും
പിടിച്ചുപറിക്കാരും കൂട്ടിക്കൊടുപ്പുകാരുമൊക്കെ അടങ്ങിയ -നഗരത്തിന്‍റെ
ബാഹ്യമോടിക്ക് തികച്ചും വ്യത്യസ്തമായ മുഖം നല്‍കുന്ന ഒരു കൂട്ടര്‍
ഉണ്ടെന്നത്. അവരുമായി കുറേയൊക്കെ അടുത്തും ഏറെ ദൂരെ മാറിനിന്നും
നോക്കിക്കണ്ട് -മനസ്സിലാക്കനുള്ള ശ്രമവും ഇടക്കാലത്ത് നടതിയതിന്‍റെ
ഫലമാണ് 'ദൈവത്തിന്‍റെ പ്രിയപ്പെട്ടവര്‍' എന്ന നോവല്‍ .ഇല്ല, ഇവിടം
കൊണ്ടും ഞാന്‍ നിര്‍ത്തുന്നില്ല. ഈ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ നഗരം
തന്നെ മുഖ്യകഥാപാത്രമായി മാറുന്ന മറ്റൊരു കൃതിയുടെ നോവും ഞാന്‍ മനസ്സില്‍
പേറുന്നു, ആ കൃതി പൂര്‍ത്തിയാകാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ
വേണ്ടിവരും ഇതിന്നിടയില്‍ ഈ നഗരത്തിന്‍റെ പ്രാന്തപ്രദേശത്തേക്ക് താമസം
മാറ്റിയെങ്കിലും ,കൊച്ചി എന്‍റെ ജന്‍മഗൃഹം പോലെ തന്നെയാണ്. കൊച്ചിയെ
വിട്ടുപിരിയാനെനിക്കാകുമെന്ന് തോന്നുന്നില്ല.
BACK