Monday, June 8, 2009

ജീവിതം കൊണ്ട് കവിതയെഴുതുമ്പോള്‍- നാസ്സര്‍ കൂടാളി
ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുകയും സാമാന്യ വ്യവഹാര ഭാഷയില്‍ നിന്ന് അകലങ്ങളിലേക്ക് നടത്തുകയും ചെയ്യുക എന്നുള്ളതാണ്‍ സമകാലിക മലയാളം കവിതകളില്‍ ആധുനികതയ്ക്ക് ശേഷം കാണപ്പെടുന്ന സവിശേഷത. . എന്നാല്‍ ഭാഷയിലെ ഈ മെയ്‌വഴക്കം ആശയതലത്തില്‍ പലപ്പോഴും പുതുകവികള്‍ പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രമല്ല സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ പ്രത്യക്ഷ്യമായി തന്നെ മുഖം തിരിക്കുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടു വരുന്നത്. അസന്തുലിതമായ സാമൂഹിക ചുറ്റുപാടുകള്‍ പുതു കവികളെ ഒറ്റ നൂലില്‍ കെട്ടാന്‍ പാകപ്പെടുത്തുന്നില്ലെങ്കിലും സാമൂഹ്യയാഥാര്‍ഥ്യങ്ങളിലേക്ക് കണ്ണൂ തുറക്കുകയും വായനക്കാരെ കൂട്ടു ചേര്‍ത്ത് പൊരുതാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

പലായനം ചെയ്യപ്പെടുന്നവരെകുറിച്ച് ഓര്‍ക്കാതെ, ഒറ്റപ്പെടുന്നവരെ കുറിച്ച് ഓര്‍ക്കാതെ സമകാലിക ജീവിതം പൂര്‍ണ്ണമാവുകയില്ല. അതു കൊണ്ട് തന്നെയാണ് യുദ്ധങ്ങളുടെ നടുവില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവനും സര്‍വ്വതും നശിച്ച് തെരുവിലിറങ്ങേണ്ടവനെ കുറിച്ചും , തെരുവ് നഷ്ടപ്പെട്ടവനെ കുറിച്ചും, മുറിവേല്‍ക്കപ്പെട്ടവനെ കുറിച്ചും കവിതകളെഴുതേണ്ടിവരുന്നത്. നിസ്സംഗത തളിരിടുമ്പോഴും സ്നേഹത്തിന്‍ റെ നല്ല ശമരിയ്യ്യാക്കാരനാവുകയെന്ന ദൌത്യം കവി എറ്റെടുക്കുന്നത് സമൂഹത്തിന്‍ നേരെ പിടിച്ച മനസ്സും ഒപ്പം തന്‍റെ തന്നെ ജീവിതമാണെന്ന ബോധത്തില്‍ നിന്ന് തന്നെയാണ്.

സാമാന്യ ജീവിതത്തിലെ നിസ്സംഗതയും അരക്ഷിതാവസ്ഥയും സാമൂഹിക ചുറ്റുപാടില്‍ കെട്ടപ്പെട്ട സാധാരണക്കാരന്‍റെ നിശ്ശബ്ദമായ നിലവിളിയായ് അവസാനിക്കുന്നത് സമകാലിക മലയാളം കവിതകളുടെ ഘടനാ‍പരവും, ആശയപരവുമായ പ്രത്യേകതയും ദുരന്തവുമാണെന്ന് പറയാം. ചിലപ്പോഴെങ്കിലും അത്തരം ചട്ടക്കൂടില്‍ നിന്ന് കുതറി മാറി വെളിച്ചത്തിലേക്ക് എത്തിനോക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതും അതു കൊണ്ട് തന്നെയാണ്-- നാസ്സര്‍ കൂടാളിമൊബൈലാ...
മൊബൈലാ...

നിന്‍റെ വീടിനടുത്ത
മൊബയില്‍ ടവര്‍ വഴി
എന്‍റെ മിസ്സഡ് കോളുകള്‍
കടന്നു പോവും
നോക്കിയ 6020i
മോഡല്‍ നമ്പറില്‍
നീ
സ്നേക്കോ,ഈസീ ജമ്പോ
കളിക്കുമ്പോള്‍
ഓറഞ്ച് ഫ്രെയിമിനകത്തെ
ഡിസ്പ്ലേയില്‍
ഞൊടിയിടയില്‍
എന്‍റെ മുഖം തെളിഞ്ഞു വരും.

ഓരോ കോളും
പെടുന്നനെ
കട്ടാവുമ്പോള്‍
പ്രണയത്തിന്‍റെ അലമാര തുറന്ന്
നീ പഴയ കത്തുകല്‍ വാരി വലിച്ചിടും
നമ്മള്‍ നടന്ന വഴികള്‍
പള്ളിക്കൂടങ്ങള്‍
കുന്നുകള്‍‌-വളവുകള്‍
ആകാശം-അതിലെ മേഘക്കീറ്
വയലറ്റ് നിറത്തിലെഴുതിയ
അക്ഷരങ്ങള്‍
ഒക്കെ അപ്രത്യക്ഷമാവും
പകരം
ചുകന്ന കാന്താരി മുളകുകളരയ്ക്കുന്ന
അമ്മിത്തറയിലോ
നിന്നെയെപ്പൊഴും സുന്ദരിയാക്കുന്ന
കണ്ണാടിക്കു മുമ്പിലോ വെച്ച്
എന്‍റെ എസ്.എം.എസ് സന്ദേശങ്ങള്‍
എന്‍റെയും-നിന്‍റെയും
നിശ്വാസങ്ങള്‍
അകാശം വഴി കൈമാറ്റം ചെയ്യുംഎന്നിട്ടും
നിന്‍റെ റെയ്ഞ്ചില്ലാത്ത
പ്രണയത്തിന്‍റെ അലമാരക്കകത്ത്
എന്‍റെ റിംഗ് ടോണിനെ
വയ്ബ്രേഷനിലാക്കല്ലേ...
എന്‍റെ നിശ്വാസങ്ങളെ
ഡിലീറ്റ് ചെയ്യല്ലേ..

വേട്ട

മരം
പച്ച വെയില്‍ ചുമക്കുന്നു.
ഇലകളില്ലാത്ത
ശാഖികള്‍ കൊണ്ട്
വേരുകളുടെ ജല പ്രാര്‍ത്ഥന.

ഉണങ്ങിയ ഒരു മരം
മഴ മേഘങ്ങളെ വേട്ടയാടുന്നു
അടിവാരത്തിലേക്ക്
ഇറങ്ങിപ്പോയ തായ് വേര്
പുനര്‍ജ്ജനിയുടെ
ഗ്രീഷ്മ സ്വപ്നങ്ങളുമായ്
ഇഴ ചേര്‍ന്ന് പിടയുന്നു
അവസാനത്തെ വേരും
ശീതീകരണത്തിണ്ടെ
കടല്‍ പരപ്പില്‍
ജലസവാരിയായ് അലഞ്ഞ്
ഉണങ്ങിയ
ഒരു വിത്ത് കണ്ട് കിട്ടുന്നു.

മേഘ വേഗങ്ങളുടെ
താഴ്വരയില്‍ നിന്നും
കാടുകള്‍ മല കയറുന്നു.
നിലാവിന്റെ തണലില്‍
കിളികള്‍
വൃക്ഷ ഭോഗത്തിന്റെ കഥ പറയുന്നു.
തിരിച്ചറിയാത്ത
മഴയടയാളങ്ങള്‍ ബാക്കി വെച്ച്
കത്തുന്ന പച്ച മരങ്ങള്‍ക്കിടയിലേക്ക്
ഒരു കാറ്റ്
വന്‍ കരകളെ സ്വയം വലയം ചെയ്യുന്ന
കപ്പല്‍ പായകളുമായ്
യാത്ര തിരിക്കുന്നു.

തീര്‍ച്ച,
അടിക്കാടും
നടുക്കാടും നഷ്ടപ്പെട്ട
പൂര്‍വ്വ സ്മൃതിയില്‍ നിന്നും
വേരുകള്‍
വെട്ടക്കിറങ്ങുന്ന
ഒരു ദിവസം വരും

വീടടയാളങ്ങള്‍

വീടിനെ ഉപമിക്കരുത്
വീട്ടുകാരനോളം
എടുപ്പ്
നടപ്പ്
ഇരിപ്പ്
വീട്ടുകാരിയോളം

ഊതിയൂതി
ആകാശത്തെ വരക്കരുത്
മഴക്കാലമായാലത് മതി
പനിച്ച്
വിറച്ച്
ഓര്‍മ്മക്കിടക്കയില്‍ ഒട്ടിക്കിടക്കാന്‍
മരിച്ചവര്‍ ചിലപ്പോള്‍ വരും
പ്രഛന്ന വേഷരായ്
അതിനാല്‍
വാതിലില്ലാത്ത വീട്
നിന്റെ സ്വാസ്ഥയം കെടുത്തും
ഉടലടയാളങ്ങളില്‍
വെള്ളച്ചായമടിച്ചേക്കരുത്
യക്ഷിയെപ്പോലെ
എന്നേയും
നിന്നേയും
മോഹിപ്പിക്കാന്‍ അതുമതി.

എല്ലാ വീടും
ഒരു ദിവസം
ആകാശത്തെ വലയം വെക്കും
ഭൂമിയുടെ അച്ചുതണ്ടില്‍ തൂങ്ങി
ആത്മഹത്യ ചെയ്യും


തടവറയിലെ കുട്ടികള്‍

പുറത്ത് പോയി
തിരിച്ചുവരുമ്പോഴേക്കും
വലിയൊരു മതില്‍
‍പണിതുയര്‍ത്തിയിട്ടുണ്ടാവും

നിനക്ക്
ആകാശത്ത്
ചായാന്‍ മാത്രംപാകത്തില്‍‍
നീട്ടി വലിച്ചു വച്ചിട്ടുണ്ടാവും അത്

എങ്കിലും
തിരിച്ചു പോവുമ്പോഴക്കും
പൂവുകള്‍,
‍പൂമ്പാറ്റകള്‍,
‍‍നക്ഷത്രങ്ങള്‍,
‍മറന്നു പോയിട്ടുണ്ടാവും

അപ്പോഴേക്കും
മതിലിനപ്പുറത്തെ
ജീവിതത്തിന്റെ
മറ്റൊരു തടവറയിലേക്ക്
എങ്ങിനെ
മടങ്ങിപ്പോവാനാവുംഅവര്‍ക്ക്.

പിന്‍-670594

കത്തുകള്‍
മുദ്ര വെച്ചൊരു ശവപ്പെട്ടിയാണ്
ജീവിതത്തിന്റെ
മരണഗന്ധം പേറുന്ന
പച്ച വാക്കുകളുടെ പേടകം

ഓരോ കത്തും ത്രിഷ്ണ വറ്റിയ
അറവു മ്രിഗത്തെപ്പോലെ
അതില്‍
വെട്ടിമാറ്റിയ തലകള്‍ പോലെ
വാക്കുകള്‍
അതിനിടയിലെവിടയൊ
തുന്നിച്ചേര്‍ത്ത
സുഖത്തിന്റെ ഉടുപ്പുകള്‍

കത്തു തുറക്കുമ്പോള്‍
അഴുക്കു നിറഞ്ഞ
രണ്ട് കൈ വിരലുകള്‍
സ്നേഹത്തിന്റെ
സിംഫണി മീട്ടുന്നു
തിരുത്തലുകളില്ലാത്ത എഴുത്തുകള്‍
മറവിയുടെ മാറാല തീര്‍ക്കുന്നു
ഓര്‍മ്മപ്പെടുത്തലുകളും
ശൂന്യതകളിലെവിടയോ
ഒളിപ്പിച്ച് ചിന്തകളും
എഴുത്ത് പെട്ടികള്‍‍ക്ക്
സ്വൈര്യം കൊടുക്കുന്നില്ല
ഏകാന്തമായ ദ്വീപില്‍
ഒറ്റപ്പെട്ടവനെപ്പൊലെ
അതെല്ലായ്പ്പോഴും വേവലാതിപ്പെടുന്നു

കത്തുകളിലൂടെയാരോ
കടല്‍ കടക്കുന്നു
തിരമുറിയാത്ത കല്‍പ്പനകള്‍
കടന്നാക്രമണമാകുമ്പോള്‍
പൊസ്റ്റുമാനിന്ന്
പടികയറി വരുന്ന
ദുശ്ശകുനമാവുന്നു..

ഒറ്റയ്ക്ക് നെയ്യുന്ന വല

ഒറ്റയ്ക്കൊരു വല നെയ്യണം
കിഴക്ക് ആകാശം നോക്കി
തോണിയിറക്കണം
ഭൂമിയില്ലാത്ത ആകാശം കണ്ട്
കടലമ്മയുടെ പാട്ട് പാടണം.

ദിശ നോക്കിയല്ല യാത്ര
ഒരു തിമിംഗല വേട്ടയും
വേണ്ടേ…വെണ്ട…
ഭയമെന്ന തോണിയില്‍
പരല് മീനുകളെ പറഞ്ഞുറക്കാന്‍
പഴങ്കദയെന്നും കയ്യിലില്ല
ഒരു മീന്‍ പിടച്ചില്‍ മതി
ഓര്‍മ്മപ്പെടുത്താന്‍
മറവിയുടെ
മോതിരക്കൈവിരല്‍.

ഇപ്പോള്‍
ഇക്കരെ തൊണിയില്ല
ഞാനെന്ന കടല്‍ മാത്രം

ഇനി പാടുമോ
അവളും കരയും
കാണാത്ത മുക്കുവണ്ടെ പാട്ട്.

പഴനി വഴി

പഴനിയുടെ
പ്രഭാതങ്ങളിലിരുന്ന്
വീരമണി പാടുന്നു.
മുക്കുത്തിയും മുല്ലപ്പൂവും ചൂടി
തലയില്‍ കളഭം തേച്ച്
തെരുവിന്റെ വിരസമായ
മൌനത്തില്‍ നിന്നും
പടി കയറുന്ന പതിവ് ദൃശ്യങ്ങള്‍.
ഇപ്പോള്‍ വഴി വളവിലെ പാറവക്കിലാരോ
ശില്‍പ്പമായുറയാതെ
ഊരു ചുറ്റി വരുന്നതും കാത്ത്
കണ്ണില്‍ കരകാട്ടവുമായ്
ഒരു തേങ്ങലായ്
ആരെയോ
കാത്ത് നില്‍ക്കയാം

പകല്‍ ചതിച്ചു
ഷണ്മുഖ നദിക്ക് മുകളിലിപ്പോള്‍
തെളിഞ്ഞ നിലാവു മാത്രം

നദിയേറെ ദൂരെ
കിനാവുകള്‍ തളിര്‍ക്കാത്ത
ജലശാഖികള്‍
ഇലകള്‍ വീണ തൊടിയിലിപ്പൊഴും
വെയില്‍ കായുന്നു തിക്ത യൌവ്വനം
മിഴി തുറക്കുമീ പടവിലിപ്പൊഴും
കൂടെ,വരികയെന്നു ചോദിപ്പൂ
സ്വപ്നയാത്രികര്‍
നീ വരുമെന്നറിയാം
തിരു അവിനാന്‍ കുഡിയില്‍
എങ്കിലും വെയിലളന്നു ഞാന്‍
ദൂരക്കിനാവുകള്‍ കൂട്ടി വെക്കയാം

അഗ്നി നക്ഷത്രം പൂത്തു
തിരക്കില്‍ നിന്നാരോ വന്ന്
തൊടുവിച്ച കളഭച്ചാന്തില്‍
പനിനീര്‍ക്കുടം ചരിഞ്ഞു
ഉന്മാദത്തിന്റെ
ശരവണപ്പൊയ്കയിലുപേക്ഷിച്ച

മുല്ലമൊട്ടുകള്‍
ഇളം കാറ്റിലൊഴുകി നടന്നു
തെയ്പ്പൂയം കഴിഞ്ഞു
ഇപ്പോള്‍ മഞ്ഞ് പെയ്ത മലകള്‍ക്ക് മുകളില്‍
പാതിരാക്കാറ്റിന്റെ പ്രണയ വിഭ്രാന്തി

ഇനി
ഊരു ചുറ്റി തിരിച്ചു വരുമ്പോള്‍
എനിക്കായ് കരുതുക
ചോരറ്റ പ്രണയത്തിന്റെ
കളഭച്ചാന്ത് തേക്കാന്‍
മുണ്ഡനം ചെയ്ത ഒരു ശിരസ്സ്


അറബി മാഷ്അറബി പഠിക്കാന്‍
സൌദി അറേബ്യയിലൊന്നും
പോയിട്ടില്ല

ആമിനായുടെ
നനഞ്ഞ നരച്ച
സ്ലേറ്റില്‍
അറബി മലയാളം
പഠിച്ചതോര്‍മ്മയുണ്ട്

ഇന്ന്
പ്രാര്‍ഥനയുടെ
കൂട്ടക്കരച്ചില്‍,
കുട്ടികളക്ക്
അലിഫും,ബാഹും
മായ്ച്ച് പഠിപ്പിക്കുമ്പോള്‍
ആമിനായുടെ
നനഞ്ഞ നരച്ച സ്ലേറ്റും
അറബി മലയാളവും
കയ്‌വിരലുകളിലെ
കറുത്ത മൈലാഞ്ചിച്ചോപ്പും
ഓര്‍മ്മ വരും.
അവസാന പിരിയഡും കഴിഞ്ഞ്
വരിവരിയായി
വീട്ടിലേക്കു പോവുന്ന
കുട്ടികളെ സങ്കല്‍പ്പിക്കും
അവള്‍
വടക്കോട്ട് കയറിപ്പോയ
തീവണ്ടിയെ.

അപ്പോള്‍
ആദ്യം പൊട്ടിച്ച
മഷിത്തണ്ടിന്‍ ഓര്‍മ്മയില്‍
താനേ
അലിഞ്ഞലിഞ്ഞില്ലാതാവും.

ആ മരത്തേയും കണ്ടു ഞാന്‍...

ഒമാനിലെ
സീബില്‍ നിന്നും
റൂബിയിലേക്കുള്ള
യാത്രയില്‍
നാലുവരി പാതയ്ക്കിരു വശവും
വരി വരിയായ് നില്‍ക്കുന്ന
ആല്‍ മരങ്ങളെ കാണാം..

ഇടക്ക്
തൊട്ട് തൊട്ടില്ലായെന്ന് മട്ടില്‍
ആരോ മാറി നട്ട
ഞാവലിന്‍ മരങ്ങള്‍

നീലിയാര്‍ കോട്ടത്തെ
പേടിപ്പിക്കുന്ന
ആല്‍ മരത്തെ,
പണിതീരാത്ത പുരയിടത്തിന്നരികില്‍
കുഞ്ചിയമ്മ
നട്ട് നനക്കുന്ന
ആ ഐശ്വര്യത്തിനെ,
എപ്പോഴും ചിരിച്ചു കൊണ്ട് നടക്കുന്ന
എന്റെ അറബി സുഹൃത്ത്
അവണ്ടെ
വണ്ടിയിലെ
ഡാഷ് ബോര്‍ഡിലൊട്ടിച്ച
മനോഹരമായ കുട്ടിയെന്ന
കൃഷ്ണനെ,
ഇലകളില്ലാതെ
ശാഖി കൊണ്ട്
മകള്‍ വരഞ്ഞ
ആദ്യ മരത്തെ...
അപ്പോള്‍
ഓരോ യാത്രയിലും
അതെന്നെ ഓര്‍മ്മിപ്പിക്കും

ചിലപ്പോള്‍ ഞാനും
ആഗ്രഹിച്ചിട്ടുണ്ട്
തണുത്ത പുല്‍തകിടിയില്‍ വീണ
ബാല്യത്തിണ്ടെ കറുത്ത
ഞാവല്‍ പഴങ്ങളെ
പെറുക്കി കൂട്ടാന്‍...
ആലിന്‍ തണലിലിരുന്ന്
തിന്നുമ്പോള്‍
എല്ലാ വെയില്‍ ദിനങ്ങളേയും
മറന്നു പോവാന്‍...

പിന്നിടെപ്പോഴോ
വര്‍ഷങ്ങള്‍ കഴിഞ്ഞ്
ആ വഴി തിരിച്ച് വരുമ്പോള്‍
ആലിന്‍ മരങ്ങളുടെ സ്ഥാനത്ത്
വരി വരിയായി
തലയുയര്‍ത്തി നില്‍ക്കുന്ന
ഈന്തപ്പന മരങ്ങളെ കണ്ടു.

എന്നാലും
ഒരൊറ്റ മരവുമില്ലാത്ത
എന്റെ വീടിണ്ടെ
ടെറസ്സില്‍
ഒരു ബോണ്‍സായി മരമായ്
നിന്നെ ഞാന്‍ സൂക്ഷിച്ച് വെക്കും

പെണ്ണറിയാന്‍

വാണിഭക്കരന്റെ
ഡയറിത്താളില്‍ നിന്നും
ഒടിഞ്ഞ് തൂങ്ങിയ ഒരു പെണ്ണിന്റെ മനസ്സ്
ആരോ ഒരാള്‍ വിലപേശുന്നു.

ഇവളുടെ കണ്ണില്‍
അമ്മ നടന്ന് പോയ
ആഴമുള്ളൊരു കിണറുണ്ട്
ചുണ്ടില്‍ വസന്തത്തിന്റെ ഓര്‍മ്മകളും
മുടിച്ചുരുളില്‍
എണ്ണമയമില്ലാത്ത
ബാല്യത്തിന്റെ സ്വപ്നങ്ങളുമുണ്ട്.

ഇവള്‍
കാറ്റിന്റെ വേഗതയ്ക്ക്
കണങ്കാല്‍ പോരന്നറിഞ്ഞവള്‍
‍നിലാവിനെ മറന്ന്
ഇമയനക്കമില്ലാതെ
ഇരുളിനെ കാത്തിരിക്കുന്നവള്‍
ആഗ്രഹങ്ങളെ ആറ്റിത്തണുപ്പിക്കുന്നവള്‍.

ഇവളുടെ കണ്‍കോണുകളില്‍
കരിമഷി പടര്‍ന്നിറങ്ങുമ്പോള്‍
മുല്ലപ്പൂവിന്റെ വാടിയ ഇതളുകളും
ആഴങ്ങളിലെവിടെയോ
ഒളിപ്പിച്ചു വെച്ച മുന്തിരിച്ചാറും
ഉടഞ്ഞൊരു ശംഖും ബാക്കിയാവുന്നു.

ഒടുവില്‍ പെണ്‍കുട്ടീ
നീയറിയുക
മറ്റാരൊ വാ പിളര്‍ക്കുമ്പോള്‍ നഷ്ടമാവുന്ന
മൂക്കും,ചുണ്ടും
നിന്റെതാണല്ലോ.
മരിച്ചു പോയവരെക്കുറിച്ചെഴുതുമ്പോള്‍..
മരിച്ചു പോയവരെക്കുറിച്ച്
എഴുതുമ്പോള്‍
മുറുകി വരുന്ന വേദന
എങ്ങനെ കടിച്ചമര്‍ത്തിപ്പിടിക്കാനാവും


അടയാളപ്പെടുത്തേണ്ട
അവസാന നിമിഷവും
വാക്കുകള്‍
ശീതീകരിച്ച
ജീവിതത്തിണ്ടെ
മുറികളില്‍ നിന്നും
കത്തുന്ന തീയിലേക്ക്
ഇറങ്ങിപ്പോകുമായിരിക്കും


സ്വയം
വേവുകയല്ലാതെ
അക്ഷരങ്ങളെ
വരകളില്ലാത്ത പേപ്പറിലേക്ക്
പകര്‍ത്തുമ്പോള്‍
നിറങ്ങള്‍
മരിച്ചു വീഴുന്ന ചതുപ്പിലേക്ക്
ജീവനെ
എങ്ങനെ
ചവിട്ടിത്താഴ്ത്താനാവും

മുറിച്ചിട്ടും തളിര്‍ക്കുന്ന കാഴ്ചകള്‍

പുഴക്കിക്കരെ വരെ കൂട്ട് വരും
അകന്നും,
അടുത്തും
നട്ട മരങ്ങള്‍ക്കിടയിലൂടെ
തണല്‍.

മഴക്കാലത്തെപ്പൊലെകുടയും
ഞാനന്ന് മറന്നു വെക്കും.
കൂടെ വരട്ടെയെന്ന്
കാതില്‍ മന്ത്രിക്കും.
പരല്‍ മീനുകള്‍
പിടിച്ചുതിന്നുമെന്നുഭയപ്പെടുത്തി
തിരിച്ചയക്കാന്‍ശ്രമിക്കും.
എന്നിട്ടും
ഒരേ ഉയിരും
ഉടലുമായ്
പുഴനീന്തി മറിയവെ
പിന്നില്‍ നിന്നും
ചൂണ്ടയിട്ടു കൊളുത്തിവലിക്കുന്ന
വേദന ഞാനറിയും.

ഇപ്പൊള്‍
‍പുഴക്കിക്കരെ
നിന്നു ഞാന്‍ കാണുന്നു
മുറിച്ചിട്ടും
തളിര്‍ക്കുന്ന

ഉപ്പ്

ഉപ്പ് കുറുക്കി
തിരിച്ചു വരുമ്പോള്‍
അച്ഛന്‍റെ കയ്യിലെപ്പോഴും
കല്ലുപ്പുണ്ടായിരിക്കും.


മീനെന്നു കരുതി
കുറിഞ്ഞിപ്പൂച്ച
മ്യാവൂ, എന്നു കരഞ്ഞ്
കുറുകെ ചാ‍ടും.


നാലാം ക്ലാസ്സിലെ
റജിനയുടെ
സാമുഹ്യ പാഠപുസ്തകത്തില്‍ നിന്നും
ഗാന്ധിജി ഇറങ്ങി വന്നു
വെറുപ്പോടെ
പൂച്ചയെ
ആട്ടിപ്പായിക്കും.


ആരെങ്കിലും
കടം
വാങ്ങുവാന്‍
വരുമൊ എന്ന
ആധി കൊണ്ട്
അമ്മ
വേഗമത്
അടുക്കള മൂലയിലെങ്ങാനോ
ഒളിപ്പിച്ചു വെക്കും.


ഒരോ കണ്ണുനീരും
ഉപ്പെന്ന
ഘര രൂപമാണെന്നും
കാണെക്കാണെ
കടലിലേക്കൊഴികിപ്പോയെന്നും
കവിതയില്‍‍
ഞാനിന്ന് കുറിച്ചു വെക്കും.


ഉപ്പ് കുറുക്കിതിരിച്ചു വരുമ്പോള്‍.....


പെന്‍ഗ്വിന്‍

കടല്‍
നഗരങ്ങളുടെ ഭൂമിയില്‍
black & white ചിത്രങ്ങള്‍
ഒട്ടിച്ച് വെച്ചേക്കാം
തണുത്ത സമുദ്രത്തില്‍ നിന്നും
ഒളിച്ചോടിയ
ഒട്ടകക്കൂട്ടങ്ങളുടെ വഴിയടയാളങ്ങളില്‍

കാഴ്ചയുടെ
മഞ്ഞുമലയില്‍
പതുക്കെ പൊന്തി വരും
പിന്നെ
ശൂന്യാകാശ യാത്രികരെപ്പൊലെ
മഞ്ഞ് പാടങ്ങളിലെ
ചതുപ്പിലേക്ക്
സ്വയം
ഇറങ്ങിപ്പോവും
വേനലിണ്ടെ
വെയില്‍ വരകളാല്‍
കീറിയും
മുറിച്ചും
ശയ്ത്യത്തിണ്ടെ വേദനകളെ
മുറിച്ച് കടക്കാനാശിക്കും

എന്നിട്ടും,
ഭൂമിയുടെ
അടി വയറ്റിണ്ടെ
മഞ്ഞു മൂടിയ സുതാര്യതയില്‍
ഉറങ്ങിപ്പോയേക്കാം
ചിലപ്പോള്‍
എണ്ടെ ജീവിതത്തിണ്ടെ
പെന്‍ഗ്വിന്‍
കൊഞ്ഞുങ്ങള്‍
*************************************************

നാ‍സ്സര്‍ കൂടാളി
പി ബി നമ്പര്‍ 1055
സീബ്
ഒമാന്‍
00968=92236986

BACK