
'നീ പ്രവാചകയാണോ?'സുന്ദരനായ ഭിഷഗ്വരന്‍ എന്‍റെ കാതില്‍ ചുണ്ടു ചേര്‍ത്ത്
ചോദിച്ചു. ഞാന്‍ അദ്ദേഹത്തിന്‍റെ കരവലയത്തിലമര്‍ന്ന് ആ നെഞ്ചോടു
ചാഞ്ഞിരുന്നു.
അദ്ദേഹത്തിന്‍റെ നെഞ്ചില്‍ നിന്നും ഊഷ്മളമായ സുരക്ഷിതത്ത്വത്തിന്‍റെ
ചൂട് പ്രവഹിച്ചു.
ഒരിക്കല്‍ ഒരു ദേവാലയത്തില്‍ ഒരു പ്രവാചിക ഉണ്ടായിരുന്നു.അവളുടെ
നാസികയുടെ അഗ്രം ഇടത്തേക്കു ചാഞ്ഞിരുന്നു. അവള്‍ക്ക് ഏകദേശം
നാല്‍പ്പത്തിയഞ്ച് വയസ്സ് പ്രായമുണ്ടായിരുന്നു. അവള്‍
ചൊവ്വാഴ്ച ദിനങ്ങളില്‍ ദേവാലയത്തില്‍ വന്നിരുന്ന് വിശ്വാസികളുടെ
കരങ്ങളില്‍ സ്പര്‍ശിച്ചുകൊണ്ട് ഭൂത-വര്‍ത്തമാന-ഭാവി പ്രവചനങ്ങള്‍ നടത്തി
വന്നു. അവ സത്യമായിരുന്നുവെന്ന് അനുഭവസ്ഥര്‍ അവകാശപ്പെട്ടു.
ഇടക്കിടെ അവളുടെ വദനത്തില്‍ നിന്ന് കടല്‍ നുര പ്രവഹിച്ചു വന്നു. ശരീരം
വലിഞ്ഞുമുറുകുകയും ചെയ്തു. അതിനുശേഷമുള്ള ദിനങ്ങളിലവള്‍ അത്യന്തം
തേജസ്വനിയായി കാണപ്പെട്ടു. അവളുടെ വെളിപാടുകള്‍ തെളിമയോടെയുമിരുന്നു.
ചികിത്സയിലായതിനു ശേഷം അവള്‍ക്ക് പ്രവചന ശേഷി നഷ്ടപ്പെട്ടു.
അവള്‍ ഡോക്ടറോടു പരാതിപ്പെട്ടു.ഞാനെന്‍റെ രോഗത്തെ സ്നേഹിക്കുന്നു. എന്‍റെ
അന്നം എന്‍റെ രോഗമായിരുന്നു. ഈ മരുന്നുകള്‍ എന്‍റെ അതീതശക്തിക്ക്
മങ്ങലേല്‍പ്പിച്ചിരിക്കുന്നു.
അവള്‍ പര്‍ദ്ദയ്ക്കുള്ളില്‍ വെന്തു വിങ്ങി നടന്നു മറഞ്ഞു.
അതിനാല്‍ അദ്ദേഹം എന്നെ മൃദുവായി അമര്‍ത്തിക്കൊണ്ട് തെല്ല് ആശങ്കയോടെ
അന്വേഷിച്ഛു. "എന്‍റെ മരുന്നുകള്‍ നിന്‍റെ പ്രണയതീവ്രതയെ
ബാധിക്കുന്നുണ്ടോ?"
ഇല്ല നന്നേ ക്ഷീണിതയായിരുന്നിട്ടും ഞാനങ്ങനെ പ്രതിവചിച്ചു. എന്നെ
താലോലിക്കുന്ന ആ മനുഷ്യനെ സങ്കടപ്പെടുത്തുവാന്‍ ഞാനാഗ്രഹിച്ചില്ല.
അമ്പത്തിയാറാം വയസ്സിലും അദ്ദേഹത്തിന്‍റെ കരങ്ങള്‍ ദൃഢമായിരുന്നു.
അദ്ദേഹം എന്‍റെ വിളര്‍ത്ത കപോലങ്ങളില്‍ ചുംബിക്കുമ്പോള്‍ എന്‍റെ
ലോലഗാത്രം വിറപൂണ്ടൂ ചുരുങ്ങി.
ഞാന്‍ എന്‍റെ യൌവ്വനയുക്തനായ കാമുകനെ തിരസ്കരിച്ച് ചികിത്സകനെ
പ്രണയിച്ചു. ഒരു മൃദുശയ്യമേലെന്നപോല്‍ അദ്ദേഹത്തിന്‍റെ നെഞ്ചില്‍
ചാഞ്ഞിരുന്നു.
എന്‍റെ കൈവിരലുകള്‍ എല്ലായ്പ്പോഴും തണുത്ത് മരവിച്ച് കാണപ്പെട്ടു.
അദ്ദേഹം അവ അരുമയോടെ തന്‍റെ കരങ്ങള്‍ക്കുള്ളിലാക്കി ചൂടു പിടിപ്പിച്ചു. ആ
പ്രവൃത്തി എന്നെ അങ്ങേയറ്റം രസിപ്പിച്ചു
എന്‍റെ യുവാവായ കാമുകന്‍ പരിഭവിച്ചു. ഞാന്‍ നിന്നെ എത്ര കണ്ട്
സ്നേഹിക്കുന്നു. എന്നിട്ടും നീ അയാളോട് ഇത്രയധികം മമത കാട്ടുന്നത്
എനിക്ക് സഹിക്കുകയില്ല. ആ വൃദ്ധനില്‍ എന്നിലും മഹത്തായ എന്താണ് നീ
കണ്ടെത്തിയത്?
അല്ലയോ രാജകുമാരാ ,പ്രണയത്തിന്‍റെ പാതകള്‍ എങ്ങനെയൊക്കെയാണ് എന്ന്
നിര്‍വ്വചിക്കുവാന്‍ എനിക്കു കഴിയുകയില്ല.
ഒക്കെ നിന്‍റെ തോന്നലാണ്. മുന്‍പൊരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു, കൂടുതല്‍
സന്തോഷം ലഭിക്കുമ്പോള്‍ നീ എന്നെ മറക്കുമെന്ന് നീ എന്നില്‍
സന്തുഷ്ടയല്ലേ? നീ അദ്ദേഹത്തെ നിന്‍റെ ചികിത്സകനായി മാത്രം കാണൂ.
ഞാന്‍ അവന്‍റെ വലതു കൈവെള്ളയിലെ ആറ് അരിമ്പാറകള്‍ക്കു മീതെ വിരലോടിച്ചു.
നീ കൈത്തലത്തില്‍ ഗിരിശൃംഗങ്ങളെ പേറുന്നവനാണ്.
ഗിരിനിരകള്‍ക്കു മീതെ വിരലോടിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധത
ഞാന്‍ ശ്വസിച്ചു. അതെനിക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്നു.
നീ എന്‍റെ രാജകുമാരനാണ്. ഞാന്‍ ഉരുവിട്ടു.
ദൂരെ പടയോട്ടങ്ങളുടെ പ്രതിധ്വനികള്‍ മുഴങ്ങി കേള്‍ക്കായി. ആത്മാക്കളുടെ
ഇടിമുഴക്കങ്ങള്‍ അനന്തവിഹായസ്സിലെ സ്വച്ഛതയില്‍ തെളിഞ്ഞു വന്നു.
ഇത് അനീതിയാണ്. അവന്‍ രോഷാകുലനായി. നിന്‍റെ രോഗം ഭേദമാകുമ്പോള്‍ നീ
അയാളെ പ്രണയിക്കില്ല. അവന്‍ പ്രഖ്യാപിച്ചു.
രാജകുമാരന്‍റെ തവിട്ടു നിറമുള്ള ചെറുനാസിക ചുവന്നു. ചുമലൊപ്പം
നീട്ടിവളര്‍ത്തിയ മുടിയിഴകള്‍ കോപക്കാറ്റിലുലഞ്ഞു. ഇടം കാതിലെ സില്‍വര്‍
റിങ്ങ് ഇറുകി.
അവന്‍ അപ്പോള്‍ സ്നേഹമുള്ള ഒരു സര്‍പ്പത്തെപ്പോലെ തോന്നിച്ചു.
എന്‍റെ സ്നേഹിത

ഉണ്ടായിരുന്നു. അവള്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥി കുടുംബത്തില്‍പ്പെട്ട
പെണ്‍കുട്ടിയായിരുന്നു. കേളങ്കാവിലെ ആര്‍ പി.എന്‍.ക്വാര്‍ട്ടേഴ്സിലായിരുന്നു അവള്‍ പാര്‍ത്തിരുന്നത്.
അവള്‍ മൂന്നു തവണ
കനലാട്ടം നടത്തിയിട്ടുണ്ട.
സുദക്ഷിണ എനിക്ക് മാരിയമ്മയുടേയും മറ്റ് അദൃശ്യ ശക്തികളുടേയും കഥകള്‍
പറഞ്ഞുതന്നു.
ഒരു പ്രഭാതത്തില്‍ സുദക്ഷിണ ഉറക്കമുണരുമ്പോള്‍ അവളുടെ ദേഹത്തോട്
ചേര്‍ന്ന് ഒരു സര്‍പ്പം സ്വഛന്ദമായി ഉറങ്ങുന്നുണ്ടായിരുന്നു. അതിന് നല്ല
തണുപ്പായിരുന്നു.
കറുത്തു മിനുത്ത സുന്ദരനായ അവന്‍, അവള്‍ ഭയന്നു പിടഞ്ഞപ്പോള്‍
ഉണര്‍ന്നെണീറ്റ് പത്തി വിടര്‍ത്തി ഗാംഭീര്യത്തോടെ നിന്ന് ഭയപ്പെടേണ്ട
എന്നറിയിച്ച് കടന്നുപോയി.
നോക്കൂ സുദക്ഷിണ, നിന്‍റെ ചൂടേറ്റുറങ്ങി ആ സര്‍പ്പകുമാരന്‍ മോക്ഷം
പ്രാപിച്ചു കഴിഞ്ഞു.
എനിക്കിപ്പോള്‍ സര്‍പ്പങ്ങളെ ഭയമില്ല. സുദക്ഷിണ പ്രഖ്യാപിച്ചു.
എനിക്കും. ഞാന്‍ രാജകുമാരന്‍റെ കവിളില്‍ തൊട്ടു. അവന്‍ അലിവോടെ എന്‍റെ
ശിരസ്സില്‍ തലോടി.
ഞാന്‍ തലമുടി നടുവിലൂടെ വകഞ്ഞ് ചീകിവെച്ചു. അപ്പോള്‍ എന്‍റെ ശിരസ്സില്‍
രണ്ട് അര്‍ദ്ധഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു
ഇടത്തേ അര്‍ദ്ധഭാഗം ചില നേരങ്ങളില്‍ തരിച്ച് വിങ്ങി.
മഴയുടെ ആരംഭം അങ്ങനെയാണ്. മേഘകണികകളുടെ ഓരോ സൂക്ഷ്മതരികള്‍ക്കും
പെയ്തിറങ്ങാനുള്ള വിങ്ങല്‍.
പിന്നെ മിന്നല്‍പ്പിണരുകളുടെ പാച്ചില്‍. മേഘഗര്‍ജ്ജനങ്ങളുടെ പ്രകമ്പനം.
വൈദ്യുതാഘാതമേല്‍ക്കുന്നത് എനിക്കാണ് , അദ്ദേഹം സൌമ്യമായി പുഞ്ചിരിച്ചു.
ഞാന്‍ ഓര്‍മകള്‍ ഒഴിഞ്ഞ് ശൂന്യമായ പാത്രം പോലെ നിശ്ശബ്ദം കിടന്നു.
എന്‍റെ അംഗുലികള്‍ മഞ്ഞുപോലെ തണുത്തു. അംഗങ്ങള്‍ ക്ഷീണിതമായി.
'നീ കൊടുങ്കാറ്റാണ്'. അദ്ദേഹം എന്‍റെ മേലേക്ക് ആകാശ നീലിമ നിറമുള്ള
പുതപ്പ് പുതപ്പിച്ചുകൊണ്ട് പറഞ്ഞു.
പിന്നെ എന്‍റെ ചാരത്തിരുന്ന് കാറ്റും മഴയും കടപുഴക്കിയ മുടിയിഴകള്‍
നേരെയാക്കാന്‍ തുടങ്ങി.
ഔഷധങ്ങള്‍ മുടക്കരുത്. അദ്ദേഹം പറഞ്ഞു.
അവ ആപ്പിള്‍ പോലെയാണ്. രാവിലേയും രാത്രിയിലും ഓരോ ആപ്പിള്‍ കഴിക്കുന്നു
എന്ന് വിചാരിക്കുക.
ഞാന്‍ ആപ്പിള്‍ കഴിച്ചാല്‍ അങ്ങയെ എനിക്ക് നഷ്ടപ്പെടില്ലേ? ഞാന്‍
വ്യസനത്തോടെ ചോദിച്ചു.
BACK