
അര്‍ത്ഥന
ഒരു നൂല്‍തിരി നുറുങ്ങ് നാളം
ഇരുള്‍ വഴിയില്‍ എനിക്ക് നല്‍കുക;
പഴയ നന്തുണി, കരള്‍ നനച്ച-
സ്നേഹ ഗീതികളൊക്കെ നല്‍കുക;
നാവില്‍ നാരായം
ഹരിശ്രീ നിറയ്ക്കുക
ഇലച്ചിന്തില്‍ പാഥേയം
വഴിത്തണലില്‍ ഇളനീര്‍ കുളിര്‍
എനിക്കായ് നല്‍കുക,
നൂറ്‍ വെറ്റില വയല്‍ക്കാറ്റ്
പുഴത്തോറ്റം തിമിലതാളം
ഒക്കെ നല്‍കുക
ഒരു ചില്ല
ഒരാകാശം
കുരുന്നു ചിറകുകള്‍
കടലിരമ്പും നൊമ്പരകടവിലും
കനിവിന്‍റെ ശാഖികള്‍
എനിക്ക് നല്‍കുക
അക്ഷരപ്പനി
പനി
ഉടലൊക്കെ ഉറഞ്ഞടിഞ്ഞ
കെടുതിമാറ്റി ഉഷ്ണവഴിതാണ്ടി
ഉയിരേകുമെന്ന്

ധന്വന്തരീ യോഗം...
പടം കൊഴിഞ്ഞ്
പഴമ തേഞ്ഞ് മാഞ്ഞ്
പുതിയകാലം വരമഞ്ഞളാടി
പുടമുറിച്ച് കാവു തീണ്ടുമെന്ന്
ഉരഗ സൂക്തം...
ഉടലും മനവും
ഉരുകിത്തുളുമ്പും
കാല്‍പ്പനിക വഴികളില്‍
അക്ഷരപ്പനി
പടം പൊഴിക്കും
പുനര്‍ജനിയാവുമെന്ന്
പുരാവൃത്തം